കാനഡയിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 168 ആയി

By: 600002 On: Jun 18, 2022, 2:53 PM

കാനഡയിൽ  ഇതുവരെ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 168 ആയതായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. വെള്ളിയാഴ്ച വരെ ക്യുബെക്കിൽ 141, ഒന്റാരിയോയിൽ 21, ആൽബെർട്ടയിൽ നാല്, ബ്രിട്ടീഷ് കൊളംബിയയിൽ രണ്ട് - എന്നിങ്ങനെയാണ് നിലവിലെ കേസുകളുടെ എണ്ണം.

രോഗബാധിതരെല്ലാം 20 മുതൽ 69 വരെ പ്രായമുള്ള പുരുഷന്മാരാണെന്ന് കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ തെരേസ ടാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള പല കേസുകളും  പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ രോഗബാധിതരായ വ്യക്തിയുമായി അടുത്ത ശാരീരിക സമ്പർക്കം പുലർത്തുന്ന ആർക്കും വൈറസ് പടരാം.  വളർച്ചയുടെ തോത് മന്ദഗതിയിലാണെന്ന് പ്രാദേശിക ആരോഗ്യ അധികാരികൾ സൂചിപ്പിച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ രോഗ വ്യാപനത്തിന്റെ പാത നിരീക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മോൺട്രിയലിൽ  ചൊവ്വാഴ്ച മുതൽ വാക്‌സിനേഷൻ ക്യാമ്പയ്ൻ സ്വവർഗാനുരാഗികളായ എല്ലാ പുരുഷന്മാരിലേക്കും വ്യാപിപ്പിച്ചു. ഹൈ റിസ്ക് വിഭാഗത്തിലുള്ള ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ടൊറന്റോയിൽ ഈ ആഴ്ച ആദ്യം ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു.

മങ്കിപോക്സ് വസൂരിയുടെ ഗണത്തിൽ പെട്ടതായതുകൊണ്ട് വസൂരിക്കെതിരായുള്ള വാക്‌സിനുകൾ മങ്കിപോക്സിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.