കാൽഗറിയിൽ ഫാർമസികൾ ലക്ഷ്യമിട്ടുള്ള കവർച്ചകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

By: 600002 On: Jun 17, 2022, 4:09 PM

കാൽഗറിയിൽ ഫാർമസികൾ ലക്ഷ്യമിട്ടുള്ള മോഷണങ്ങളുടെ എണ്ണം കൂടിവരികയാണെന്ന് കാൽഗറി പോലീസ് സർവീസ്. കഴിഞ്ഞ ആഴ്ച്ചയിൽ ഗ്ലെൻബ്രൂക്കിലും എഡ്മന്റൺ ട്രെയിലിലും രണ്ട് ഫാർമസികളിൽ കൊള്ളയടിക്കപ്പെട്ടു. സി.പി.എസ് ഡാറ്റ പ്രകാരം ഈ വർഷം ഇതുവരെ 30 ലധികം ഫാർമസികളാണ് കൊള്ളയടിക്കപ്പെട്ടത്. 2020 സെപ്റ്റംബറിനും 2021 ഓഗസ്റ്റിനും ഇടയിൽ, കാൽഗറിയിൽ 89 ഫാർമസി കവർച്ചകൾ നടന്നുവെന്നും അതിന് മുൻപുള്ള വർഷത്തിൽ ഇത് നാലെണ്ണമായിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

പണവും നർക്കോട്ടിക്ക് ഡ്രഗ്ഗുകളുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷ വർധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി സ്റ്റോറുകളിൽ നർക്കോട്ടിക് ഡ്രഗ്ഗുകൾ സേഫുകളിൽ സൂക്ഷിക്കുകയും എല്ലാ ലൊക്കേഷനുകളിലും, അലാമും, ക്യാമറ സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്യുകയും ഇൻ-സ്റ്റോർ ട്രാഫിക് പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ആൽബെർട്ട കോളേജ് ഓഫ് ഫാർമസി അറിയിച്ചു.  

ആവർത്തിച്ചുള്ള കവർച്ചകൾ തുടരുന്നതിനാൽ കുറ്റവാളികൾക്കെതിരെ കർശനമായ പിഴകൾ ചുമത്തണമെന്നും പതിവായി മോഷണങ്ങൾ നടക്കുന്ന ലൊക്കേഷനുകളിൽ നിരീക്ഷണം വർദ്ധിപ്പിക്കുവാനും ഫാർമസി ഉടമകൾ പോലീസിനോട് അഭ്യർത്ഥിക്കുന്നു.