കൺസ്‌ട്രക്‌ഷൻ സോണിൽ 135 കിലോമീറ്റർ വേഗത; കാൽഗറി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

By: 600002 On: Jun 17, 2022, 4:04 PM

വേഗത പരിധി ലംഘനം നടത്തിയതിന് കാൽഗറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച്ച സ്റ്റോണി ട്രെയിലിലെ കൺസ്‌ട്രക്‌ഷൻ സോണിൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനാണ് ഇയാളെ കാൽഗറി പോലീസ് പിടികൂടിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കനത്ത മഴ കാരണം റോഡിന്റെ അവസ്ഥ മോശമായതിനാൽ മീഡിയനോട് ഏറ്റവും അടുത്തുള്ള പാത വാണിംഗ് ലൈറ്റ് ഉപയോഗിച്ച് അടച്ചിരുന്നു. റോഡിൽ തൊഴിലാളികളും ഉണ്ടായിരുന്നു. കൺസ്ട്രക്ഷൻ സോണിലൂടെ വാഹനമോടിച്ചപ്പോൾ ഡ്രൈവർ വേഗത കുറയ്ക്കാൻ ശ്രമിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വേഗപരിധി ലംഘനം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആക്ടിംഗ് ഇൻസ്പെക്ടർ റോബ് പാറ്റേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു. വേഗപരിധിയേക്കാൾ 50 കിലോമീറ്ററിൽ അധികം വേഗതയിൽ ഡ്രൈവ് ചെയ്യുന്നത് ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കേസുകളിൽ സെക്ഷൻ 320.13 പ്രകാരം കുറ്റം ചുമത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൺസ്ട്രക്ഷൻ സോണുകളിൽ വേഗപരിധി ലംഘനത്തിന് പിഴ ഇരട്ടിയാണെന്നും പോലീസ് ഓർമ്മപ്പെടുത്തുന്നു. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും വേഗപരിധി പാലിക്കണമെന്നും ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും പോലീസ് അറിയിച്ചു.