ക്യു. എസ് 2023 വേൾഡ് റാങ്കിംഗ്; ഉയർന്ന സ്കോറുമായി 3 കനേഡിയൻ യൂണിവേഴ്സിറ്റികളും

By: 600002 On: Jun 17, 2022, 4:00 PM

ക്യു.എസിന്റെ 2023 ലെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഉയർന്ന സ്കോറോടെ 3 കനേഡിയൻ യൂണിവേഴ്‌സിറ്റികൾ ആദ്യ 50-ൽ  ഇടം നേടി. ഉന്നത വിദ്യാഭ്യാസം വിശകലനം ചെയ്യുന്നതിലും താരതമ്യ ഡാറ്റ നൽകുന്നതിലും വൈദഗ്ധ്യമുള്ള യു.കെ ആസ്ഥാനമായുള്ള കമ്പനിയായ Quacquarelli Symonds (QS) ആണ് റാങ്കിംഗ് പുറത്തിറക്കിയത്.

100 പോയിന്റ് റാങ്കിംഗിൽ 81.9 സ്കോർ നേടി ക്യുബെക്കിലെ മക്ഗിൽ യൂണിവേഴ്സിറ്റി 31-ാം സ്ഥാനവും 81.5 സ്‌കോറോടെ ടൊറന്റോ യൂണിവേഴ്സിറ്റി  34--ാം സ്ഥാനവും നേടി. 77 പോയിന്റുമായി 47-ാം സ്ഥാനത്തുള്ള ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയും ആദ്യ 50 ൽ ഇടം പിടിച്ചു.

മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യു.എസ്), കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി (യു.കെ), സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി (യു.എസ്), ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി (യു.കെ), ഹാർവാർഡ് യൂണിവേഴ്‌സിറ്റി (യു.എസ്) എന്നിവയാണ് ക്യു.എസ് റാങ്കിങ് പ്രകാരം ലോകത്തിലെ മികച്ച അഞ്ച് യൂണിവേഴ്സിറ്റികൾ. തുടർച്ചയായി 11-ാം വർഷമാണ് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാം സ്ഥാനം നേടുന്നത്.

ആൽബർട്ട (110), യൂണിവേഴ്സിറ്റി, ഡി മോൺട്രിയൽ (116),  മക്മാസ്റ്റർ യൂണിവേഴ്സിറ്റി (152), വാട്ടർലൂ യൂണിവേഴ്സിറ്റി (154), വെസ്റ്റേൺ യൂണിവേഴ്സിറ്റി (172 ) എന്നീ കനേഡിയൻ യൂണിവേഴ്സിറ്റികൾ പട്ടികയിൽ ആദ്യ 200ൽ ഇടം നേടിയിട്ടുണ്ട്. ഓട്ടവ യൂണിവേഴ്സിറ്റി (237), കാൽഗറി യൂണിവേഴ്സിറ്റി (242), ക്വീൻസ് യൂണിവേഴ്സിറ്റി (246), ഡൽഹൗസി യൂണിവേഴ്സിറ്റി (308), സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി (328), വിക്ടോറിയ യൂണിവേഴ്സിറ്റി (359), യൂണിവേഴ്‌സിറ്റി ലാവൽ, യോർക്ക് യൂണിവേഴ്സിറ്റി ( 456), സസ്‌കാച്ചെവൻ യൂണിവേഴ്സിറ്റി (473),  എന്നിവ മികച്ച 500 യൂണിവേഴ്സിറ്റിയുടെ പട്ടികയിൽ ഉണ്ട്.

2004-ലാണ് ക്യു.എസ് ആദ്യമായി ലോകത്തെ സർവ്വകലാശാലകളുടെ വാർഷിക റാങ്കിംഗ് പുറത്തിറക്കാൻ തുടങ്ങിയത്.