കനേഡിയൻ സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന നിയോ-നാസി ഗ്രൂപ്പ് അംഗങ്ങളെ കണ്ടെത്തുന്നതിനായി ക്യുബെക്കിലെ റൂറൽ ഏരിയയിൽ രണ്ടിടത്ത് റെയ്ഡ് നടത്തിയതായി ക്യുബെക്ക് ആർ.സി.എം.പി വ്യാഴാഴ്ച അറിയിച്ചു. സെന്റ് ലോറൻസ് നദിയുടെ തെക്ക് ഭാഗത്ത്, മോൺട്രിയലിനും ക്യൂബെക്കിനുമിടയിൽ സെന്റ്-ഫെർഡിനാൻഡ്, പ്ലെസിസ് വില്ലെ എന്നീ ചെറുപട്ടണങ്ങളിലാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
ഡിവിഷൻ ആറ്റംവാഫെൻ എന്ന തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ലക്ഷ്യം വച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് ഏജൻസി ട്വിറ്ററിൽ കുറിച്ചു. തെരച്ചിലിനിടെ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2020 മുതൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ സുരക്ഷാ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് ആർ.സി.എം.പി ഒരു അഭിമുഖത്തിൽ പറഞ്ഞു. തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുയാണെന്നും പിന്നീട് അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം, ഒന്റാരിയോയിലെ വിൻഡ്‌സറിൽ നിന്നുള്ള 19 കാരൻ ആറ്റംവാഫെൻ ഡിവിഷനിൽ ചേരാനുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അയാൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു.