7 മാസം മുൻപ് കാണാതായ ഷോപ്പിഫൈ എക്സിക്യൂട്ടീവിന്റെ മൃതദേഹം ഓട്ടവയിൽ കണ്ടെത്തി

By: 600002 On: Jun 17, 2022, 3:47 PM

ഏഴ് മാസം മുമ്പ് കാണാതായ ഷോപ്പിഫൈ എക്സിക്യൂട്ടീവ് ബ്രെറ്റ് ഒഗ്രാഡി(35) യുടെ മൃതദേഹം ഓട്ടവ നഗരത്തിന്റെ കിഴക്കേ അറ്റത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് എയർപോർട്ട്-മറീന റോഡ് സർ ജോർജ് എറ്റിയെൻ കാർട്ടിയർ പാർക്ക്‌വേയിലെ റോക്ക്ക്ലിഫ് കുളത്തിൽ നിന്ന്  മറൈൻ ഡൈവ് ആൻഡ് ട്രയൽസ് യൂണിറ്റ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തത്.

ബുധനാഴ്ച നടത്തിയ ഫോറെൻസിക് പരിശോധനയിലാണ് ഇത് 7 മാസങ്ങൾക്ക് മുൻപ് കാണാതായ ബ്രെറ്റ് ഒഗ്രാഡിയുടെ മൃതദേഹഭാഗമാണെന്ന് സ്ഥിരീകരിച്ചത്. ഒഗ്രാഡിയുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിലാണ് ഒഗ്രാഡിയെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഒക്‌ടോബർ 14-ന് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനിടെ ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന് സർ ജോർജ് എറ്റിയെൻ കാർട്ടിയർ പാർക്ക്‌വേ, പൊളാരിസ് അവന്യൂ, ഓട്ടവ നദി, ഏവിയേഷൻ പാർക്ക്‌വേ എന്നിവിടങ്ങളിൽ എമർജൻസി റെസ്‌പോണ്ടർമാർ  തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഷോപ്പിഫൈയിലെ ട്രഷറി ആൻഡ് റിസ്ക് വിഭാഗം തലവനായിരുന്നു ഒഗ്രാഡി. ബ്രെറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അദ്ദേഹത്തിന്റെ കുടുംബം 10,000 ഡോളർ പ്രതിഫലം  വാഗ്ദാനം ചെയ്തിരുന്നു.