ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പൽ ഭാരം താങ്ങാനാവാതെ ചെങ്കടലിൽ മുങ്ങി

By: 600002 On: Jun 16, 2022, 4:36 PM

15000 ത്തിലധികം ചെമ്മരിയാടുകളുമായി സുഡാനിൽ നിന്ന് സൗദിയിലേക്ക് പോയ കപ്പൽ ചെങ്കടലിൽ മുങ്ങിയതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന പതിനയ്യായിരത്തിലേറെ ചെമ്മരിയാടുകളിൽ ഭൂരിഭാഗവും ചത്തു.  കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.  
 
ബദർ 1 എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ മുങ്ങിയത്. 15,800 ചെമ്മരിയാടുകൾ കപ്പലിൽ ഉണ്ടായിരുന്നു.  കപ്പലിന് 9,000 ആടുകളെ താങ്ങാനുള്ള ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളു. 700 ചെമ്മരിയാടുകളെ മാത്രമാണ് കപ്പലിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്. എന്നാൽ ഇവയുടേയെല്ലാം ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ അധിക നാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു.
 
14 ദശലക്ഷം സൗദി റിയാലിന്റെ നഷ്ടമാണ് സംഭവിച്ചതെന്ന് ലൈവ്‌സ്റ്റോക്ക് ഡിവിഷൻ മേധാവി സലാഹ സലിം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ മുങ്ങിയത് തുറമുഖത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു