ഡെറെക്കോ കൊടുങ്കാറ്റ്; കാനഡയുടെ ചരിത്രത്തിലെ ചിലവേറിയ ആറാമത്തെ പ്രകൃതി ദുരന്തമെന്ന് ഐ.ബി.സി

By: 600002 On: Jun 16, 2022, 3:03 PM

ഒന്റാരിയോയുടെ തെക്ക്,കിഴക്കും ക്യുബെക്കിന്റെ ചില ഭാഗങ്ങളിലും വീശിയടിച്ച ഡെറെക്കോ കൊടുങ്കാറ്റ് കനേഡിയൻ ചരിത്രത്തിലെ ആറാമത്തെ വലിയ പ്രകൃതി ദുരന്തമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (ഐ‌.ബി‌.സി) പറയുന്നു. മെയ്‌ 21 നുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ  10 പേർക്ക് ജീവൻ നഷ്ടമാവുമാകയും വൈദ്യുത ഗ്രിഡുകൾ തകർന്നതു മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.

കൊടുങ്കാറ്റിനെ തുടർന്ന് ഒന്റാരിയോയിൽ 720 മില്യൺ ഡോളറിന്റെയും ക്യൂബെക്കിൽ 155 മില്യൺ ഡോളറിന്റെയും ചേർത്ത് ആകെ 875 മില്യൺ ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത് എന്ന് ഐ.ബി.സി ബുധനാഴ്ച വ്യക്തമാക്കി. ഇൻഷ്വർ ചെയ്ത നഷ്ടത്തിന്റെ കണക്കിൽ 2005 ലെ ടൊറന്റോ വെള്ളപ്പൊക്കത്തെ മറികടന്ന ഡെറെക്കോ കൊടുങ്കാറ്റ് കനേഡിയൻ ചരിത്രത്തിലെ ആറാമത്തെ സ്ഥാനത്തനത്തെത്തിയതായി ഐ.ബി.സി അറിയിച്ചു.

ഐ.ബി.സി റിപ്പോർട്ടുകൾ പ്രകാരം കനേഡിയൻ ചരിത്രത്തിലെ ഏറ്റവും നഷ്ടം സംഭവിച്ച പ്രകൃതി ദുരന്തം, 2016 ലെ ഫോർട്ട് മക്കിലെ കാട്ടുതീയാണ്,  $4 ബില്യൺ ഡോളറാണ് ഇൻഷുറൻസ് തുകയായി നൽകിയത്. കാനഡയുടെ ചരിത്രത്തിലെ നാശനഷ്ടമേറിയ 10 ദുരന്തങ്ങളിൽ എട്ടെണ്ണം 2011 മുതലാണ് സംഭവിച്ചതെന്ന് ഐ.ബി.സി പറയുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണു ഇത് സൂചിപ്പിക്കുന്നതെന്നും ഐ.ബി.സി പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും, ഓട്ടവ നഗരത്തിൽ പുനർനിർമ്മാണ പ്രവർത്തികൾ ഇപ്പോളും തുടരുകയാണ്. ജോലികൾ പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്ന് നഗരസഭാ അധികൃതർ പറയുന്നു. $30 മില്യൺ ഡോളറിന്റെ നാശ നഷ്ടങ്ങളാണ് ഹൈഡ്രോ ഓട്ടവ കണക്കാക്കിയിട്ടുള്ളത്.