
മാനസിക സംഘർഷത്തിലൂടെ കളിക്കാർ കടന്നുപോകുന്ന സ്ക്വിഡ് ഗെയിംസ് സീരീസിന് സമാനമായി സ്‌ക്വിഡ് ഗെയിംസ് റിയാലിറ്റി ഷോ നടത്താനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. സ്‌ക്വിഡ് ഗെയിംസ് : ദ ചലഞ്ച് എന്നാണ് ഷോയ്ക്ക് പേര് നൽകിയിരിക്കുന്നത്. 456 മത്സരാർത്ഥികളാകും സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുക. 4.56 മില്യൺ ഡോളറാണ് ഒന്നാം സമ്മാനം.
മത്സരാർത്ഥിക്ക് ഇംഗ്ലീഷ് പരിജ്ഞാനവും കുറഞ്ഞത് 21 വയസ് പ്രായവും ഉണ്ടായിരിക്കണം. 2023 ലെ ആദ്യ നാല് ആഴ്ചയായിരിക്കും മത്സരം നടക്കുക. പാസ്‌പോർട്ട് നിർബന്ധമാണ്. ഓൾ 3 മീഡിയ ഗ്രൂപ്പ്, നെറ്റ്ഫ്‌ലിക്‌സ് എന്നീ സ്ഥാപനങ്ങളുമായി അടുത്ത് ബന്ധമുണ്ടാവുകയോ, അടുത്ത കുടുംബാംഗങ്ങൾ അവിടുത്തെ ജീവനക്കാരായിരിക്കാനോ പാടില്ല.
യോഗ്യരായവർ ആപ്ലിക്കേഷന് വേണ്ടി ഒരു വിഡിയോ തയാറാക്കണം. നിങ്ങൾ ആരാണ്, എന്ത് ചെയ്യുന്നു, എന്തുകൊണ്ട് സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുന്നു, ഒന്നാം സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യും എന്നിവയടങ്ങുന്ന വിഡിയോയാണ് തയാറാക്കേണ്ടത്.
https://www.squidgamecasting.com/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. സ്‌ക്വിഡ് ഗെയിംസ് സീരീസിലെ പോലെ യഥാർത്ഥ സ്‌ക്വിഡ് ഗെയിംസിൽ മത്സരാർത്ഥി കൊല്ലപ്പെടില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.