
കാൽഗറി സ്ട്രീറ്റിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് പോലീസ് ഉപകരണങ്ങളുടെ ശേഖരം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ചയാണ്, ഡൗൺടൗൺ സ്ട്രീറ്റിൽ പാർക്ക് ചെയ്ത പോലീസ് അടയാളങ്ങളില്ലാത്തതും ഡ്യൂട്ടിയിലുള്ളതുമായ കാൽഗറി പോലീസിന്റെ വാഹനത്തിൽ മോഷണം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തിരികെ വാഹനത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
പോലീസ് പാച്ചോടുകൂടിയ റെഡി വെസ്റ്റ്, ഫുൾ ഗ്ലോക്കോടുകൂടിയ മാഗസിനുകൾ, സിൽവർ സ്മിത്ത്, വെസ്സെൺ ഹാൻഡ് കഫുകൾ, പോലീസ് ഇഷ്യൂ ചെയ്ത ബ്ലാക്ക് റേഡിയോ ഹോൾഡർ, ബാറ്റൺ, കനോൺ ബൈനോക്കുലർ തുടങ്ങിയവയാണ് മോഷ്ട്ടിക്കപ്പെട്ടത്. എങ്ങനെയാണ് പോലീസ് വാഹനം ആക്സസ് ചെയ്യപ്പെട്ടതെന്നും സംഭവ സമയത്ത് ആരൊക്ക പരിസരത്ത് ഉണ്ടായിരുന്നെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നഷ്ടപ്പെട്ട പോലീസ് ഉപകരണങ്ങൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റിയെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ കാൽഗറി പോലീസ് ഉദ്യോഗസ്ഥർ അവരുടെ ബാഡ്ജ് കൈവശം വയ്ക്കുകയും പൊതുജനങ്ങൾ അവരുടെ ആധികാരികതയെ സംബന്ധിച്ച് സംശയം ഉന്നയിച്ചാൽ തങ്ങളുടെ ലാസ്റ്റ് നെയിം അല്ലെങ്കിൽ റെജിമെന്റൽ നമ്പർ ഉപയോഗിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുമാണ്.
മോഷണത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ, കാൽഗറി ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ 1-800-222-8477 എന്ന നമ്പറിലോ ഓൺലൈൻ വഴിയോ ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.