ആഗോള ജനസംഖ്യയുടെ 14 ശതമാനത്തിലധികം പേർക്കും ലൈം രോഗം വന്നിട്ടുള്ളതായി കണ്ടെത്തൽ

By: 600002 On: Jun 16, 2022, 12:41 PM

ലോകജനസംഖ്യയുടെ പത്തിലൊന്നിൽ കൂടുതൽ പേർക്കും ടിക് (ചെള്ള്)  പരത്തുന്ന ലൈം രോഗം ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായിട്ടുണ്ടാകാമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. ബി.എം.ജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ആഗോള ജനസംഖ്യയുടെ 14 ശതമാനത്തിലധികം പേരുടെ രക്തത്തിൽ ലൈം രോഗത്തിനുള്ള ആന്റിബോഡികൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

യൂറോപ്പിലെയും ഏഷ്യയിലെയും ചില പ്രദേശങ്ങളിൽ ലൈം രോഗത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുകളിലധികവും  ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസും അതിൽ കൂടുതലുമുള്ള  പുരുഷന്മാരിലാണെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും, ആഗോള കണക്കുകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ലൈം രോഗവാഹകരായ ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിൽ എത്തുന്നത്. ഇത് ഒരു സാംക്രമിക രോഗമാണ്. ബുൾസ് ഐ രൂപത്തിൽ കാണപ്പെടുന്നതും വികസിക്കുന്നതുമായ സ്കിൻ റാഷ് ആണ് ലൈം രോഗത്തിന്റെ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അടയാളം. പനി, വിറയൽ, ക്ഷീണം, തലവേദന, വീർത്ത ലിംഫ് നോഡുകൾ, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് തുടക്കത്തിലുള്ള മറ്റ് ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ, സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയിലേക്ക് അണുബാധ പടരും. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും കൂടുതൽ സങ്കീർണതകൾ തടയാൻ സഹായിക്കും.

വെസ്റ്റേൺ ബ്ലോട്ടിംഗ് എന്ന അനലിറ്റിക്കൽ ടെക്നിക് ഉപയോഗിച്ചാണ് ആന്റിബോഡി കണ്ടെത്തലിന്റെ കൃത്യത മെച്ചപ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്ക് ആന്റിബോഡികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.  2010-20 21 വർഷങ്ങളിലെ അണുബാധ നിരക്ക് അതിന് മുൻപുള്ള പത്തു വർഷത്തെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.