കാനഡയിൽ മെയ് മാസത്തിൽ വീടുകളുടെ വിൽപ്പന 22 ശതമാനം കുറഞ്ഞതായി സി.ആർ.ഇ.എ

By: 600002 On: Jun 16, 2022, 12:34 PM

കാനഡയിൽ മെയ് മാസത്തിൽ വീടുകളുടെ വിൽപ്പന 22 ശതമാനം കുറഞ്ഞതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വീടുകളുടെ വിൽപ്പന ഏകദേശം 22 ശതമാനവും ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രം ഒമ്പത് ശതമാനവും കുറഞ്ഞതായി സി.ആർ.ഇ.എ  ബുധനാഴ്ച പറഞ്ഞു. 2021 മെയ് മാസത്തിൽ 68,598 വീടുകൾ വില്പന നടത്തിയ സ്ഥാനത്ത് 2022 മെയ് മാസത്തിൽ 53,720 വീടുകളുടെ വിൽപ്പനയാണ് നടന്നത്.  

വീടുകളുടെ വില ഉയരുന്നത് നിക്ഷേപകരെയും ഒന്നിലധികം പ്രോപ്പർ‌ട്ടി വാങ്ങുന്നവരെയും ആകർ‌ഷിച്ചെങ്കിലും ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് വീണ്ടും വില്പനയിലെ കുറവിന് കാരണമായി.  ഒന്റാരിയോയിൽ, നോൺ റെസിഡന്റ് ഹോംബൈയർമാരുടെ നികുതി മാർച്ചിൽ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയിരുന്നു.  

ബ്രിട്ടീഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ്, കാൽഗറി, എഡ്മന്റൺ, ഗ്രേറ്റർ ടൊറന്റോ ഏരിയ, ഓട്ടവ തുടങ്ങിയ സ്ഥലങ്ങളിലും മെയ് മാസത്തെ വിൽപ്പനയിൽ കുറവ് വന്നിട്ടുണ്ട്.

ദേശീയ ശരാശരി ഭവന വില 10.8 ശതമാനം ഉയർന്ന് 2022-ൽ  762,386 ഡോളറിലും മറ്റൊരു 3.1 ശതമാനം കൂടി 2023-ൽ 786,282 ഡോളറിലെത്തുമെന്നാണ്  സി.ആർ.ഇ.എ പ്രവചിക്കുന്നത്. മാരിടൈം പ്രവിശ്യകൾ, ഒന്റാരിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ വലിയ നേട്ടം ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നുണ്ട്.