ടെക്സാസിലെ അമറില്ലോ മൃഗശാലയുടെ ക്യാമറയിൽ പതിഞ്ഞ നിഗൂഢരൂപത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി

By: 600002 On: Jun 15, 2022, 4:43 PM

ടെക്‌സാസ് നഗരത്തിൽ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ രൂപത്തെ തിരിച്ചറിയാനായി അന്വേഷണം തുടങ്ങി. അമറില്ലോ മൃഗശാലയുടെ ചുറ്റുവേലിക്ക് പുറത്ത് ഇരുട്ടിൽ പതിയിരിക്കുന്ന ഒരു വിചിത്രമായ രൂപത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച സിറ്റി ഓഫ് അമറില്ലോ പുറത്തുവിട്ടിരുന്നു. മെയ് 21 ന് പുലർച്ചെ 1:25 നാണ് ഈ രൂപത്തിന്റെ ചിത്രം മൃഗശാലയുടെ സി സി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
 
ചിത്രത്തിൽ കാണുന്ന  തൊപ്പിവച്ച ആളെപ്പോലെയുള്ള രൂപം  അമേരിക്കയുടെ ചില ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ഐതിഹാസികമായ നാടോടിക്കഥയുടെ സൃഷ്ടിയായ രക്തദാഹിയായ ചുപകാബ്ര ആണെന്ന്  തുടങ്ങി ബിഗ്ഫൂട്ട്, സോണിക് മുള്ളൻപന്നി, ചാടുന്ന കൊയോട്ട് എന്നിങ്ങനെ പലതരം ഊഹോപോഹങ്ങളും ചൂടേറിയ ചർച്ചകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.
 
പിൻകാലുകളിൽ നിൽക്കുന്ന ഒരു റാക്കൂണോ അല്ലെങ്കിൽ പാർക്കിലൂടെ ഒരു വ്യക്തി നടക്കുമ്പോൾ വിചിത്രമായ രീതിയിൽ പതിഞ്ഞ ചിത്രമോ ആകാം ഇതെന്ന് അമറില്ലോ പാർക്ക്സ് ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൈക്കൽ കഷുബ മാധ്യമങ്ങളോട് പറഞ്ഞു.