ആൽബെർട്ടയിലെ കുടുംബങ്ങളിൽ ഗാർഹിക പീഡനങ്ങളും അക്രമങ്ങളും വർദ്ധിക്കുന്നതായി ലീഗൽ എയ്ഡ് ആൽബെർട്ടയുടെ കണ്ടെത്തൽ. 2018 മുതൽ ഏജൻസി ഫയൽ ചെയ്ത എമർജൻസി പ്രൊട്ടക്ഷൻ ഓർഡറുകളുടെ (ഇ.പി.ഒ) എണ്ണം 17 ശതമാനം വർധിച്ചതായി ലീഗൽ എയ്ഡ് ആൽബെർട്ട (എൽ.എ.എ) പറയുന്നു. വീടുകളിലെ അക്രമങ്ങളിൽ നിന്നും അക്രമണത്തിനിരയായവരെ
സംരക്ഷിക്കുന്നതിനായി ഉപദ്രവിക്കുന്നയാളെ വീട്ടിൽ നിന്നും അകറ്റിനിർത്താനുള്ള കോടതി ഉത്തരവാണ് ഇ.പി.ഒ.
ഇ.പി.ഒ യ്‌ക്കു വേണ്ടി അപേക്ഷകൾ ഫയൽ ചെയ്യുന്ന ആളുകൾക്ക് ഏജൻസി സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2020-ൽ ഇത്തരം ഓർഡറുകളുടെ എണ്ണം 2,267 ആയി ഉയർന്നു. ലോക്ക്ഡൗണുകൾ ദുരുപയോഗത്തിന് ഇരയായവരെ ഒറ്റപ്പെടുത്തിയതായും തൊഴിൽ നഷ്ടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബങ്ങളെ സമ്മർദ്ദത്തിലാക്കുന്നത് അക്രമങ്ങൾ വർധിക്കുന്നതിന് കാരണമായി എന്നും എൽ.എ.എ യുടെ സ്റ്റാഫ് അഭിഭാഷകയായ ക്രിസ്റ്റീന റിഡോക്ക് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും തുടർന്നും ഇത്തരം പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് എൽ.എ.എ പറയുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങൾ,ലൈംഗികാതിക്രമം അല്ലെങ്കിൽ ശാരീരിക പീഡനം എന്നിവ ഉൾപ്പെട്ട പരാതികളാണ് കൂടുതലായും ലഭിക്കുന്നത്. എൽ.എ.എയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം ആക്രമങ്ങൾക്കോ പീഡനത്തിനോ ഇരയാകുന്നവർ സഹായത്തിനായി എൽ.എൽ.എ യെ സമീപിക്കാവുന്നതാണ്.