മോഡേണ കോവിഡ് വാക്‌സിൻ ഹൃദയ വീക്കത്തിനുള്ള സാധ്യത ഉയർത്തിയേക്കാമെന്ന് സി.ഡി.സി

By: 600002 On: Jun 15, 2022, 4:29 PM

ഫൈസർ-ബയോഎൻടെക്കിനെ അപേക്ഷിച്ച് മോഡേണയുടെ കോവിഡ് വാക്സിന് ചില പ്രായ വിഭാഗങ്ങളിൽ ഹൃദയ വീക്കം ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ ഇറങ്ങിയ ഡാറ്റയെ മുൻനിർത്തി യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൊവ്വാഴ്ച പറഞ്ഞു. 6-17 വയസ് പ്രായമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള മോഡേണയുടെ വാക്സിൻ അംഗീകാരം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നടന്ന യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഉപദേശകരുടെ  യോഗത്തിലാണ് സി.ഡി.സി  ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്.

വാക്‌സിൻ സേഫ്റ്റി ഡാറ്റാലിങ്ക് (വി.എസ്.ഡി) സിസ്റ്റത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, മോഡേണയുടെ രണ്ടാമത്തെ ഡോസ് എടുത്തതിനെത്തുടർന്ന് 18-39 വയസ് പ്രായമുള്ള പുരുഷന്മാരിൽ ഒരു ദശലക്ഷത്തിൽ 97.3 കേസുകളിലാണ് ഹൃദയ വീക്കം സംഭവിച്ചതായി പറയുന്നു. അതേസമയം ഫൈസർ വാക്‌സിൻ എടുത്തവരിൽ ഇത് ഒരു ദശലക്ഷത്തിൽ 81.7 കേസുകളാണുള്ളതെന്നും പറയുന്നു. എം.ആർ.എൻ.എ കോവിഡ് വാക്സിനേഷനുശേഷം മയോകാർഡിറ്റിസ് ഉള്ള മിക്ക ആളുകളും കാലക്രമേണ സുഖം പ്രാപിക്കുന്നതായി ഡാറ്റ സൂചിപ്പിക്കുണ്ടെന്നും സി.ഡി.സി പറഞ്ഞു.