ക്യുബെക്കിലെ പുതിയ ഇമ്മിഗ്രന്റ്സിനുള്ള ഫ്രഞ്ച് ആവശ്യകത താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന് ടെക് കമ്പനികൾ

By: 600002 On: Jun 15, 2022, 4:25 PM

പ്രവിശ്യയിൽ എത്തി ആറ് മാസത്തിനുള്ളിൽ കുടിയേറ്റക്കാർ ഫ്രഞ്ച് പഠിക്കണമെന്ന ബിൽ താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന ആവശ്യവുമായി കനേഡിയൻ ടെക്‌നോളജി കമ്പനികൾ. 37  കമ്പനികൾ ചേർന്ന് ചൊവ്വാഴ്ച പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ടിന് അയച്ച കത്തിലാണ് , ബിൽ 96 പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഫ്രഞ്ച് ഉപയോഗിക്കുന്നതിന് മുമ്പുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതിയതായി വരുന്ന ആളുകൾക്ക് ഇത് യാഥാർത്ഥ്യമല്ലാത്ത സമയപരിധി ആണെന്നും അത് പ്രവിശ്യയ്ക്ക് വലിയ ദോഷമുണ്ടാക്കുമെന്നും കമ്പനികൾ അറിയിച്ചു.

ജോലിക്കും താമസത്തിനുമായി ക്യുബെക്കിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആഗോള തൊഴിലാളികളെ നിയമം നിരുത്സാഹപ്പെടുത്തുമെന്ന് കത്തിൽ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ ഫ്രഞ്ച് പഠിക്കാൻ സഹായിക്കുന്നതിന് പല കമ്പനികളും അവരുടെ ഓഫീസുകളിലേക്ക് ട്യൂട്ടർമാരെയോ അധ്യാപകരെയോ കൊണ്ടുവരാൻ തയ്യാറാണ്, എന്നാൽ നിലവിൽ ഇൻസ്ട്രക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതായി കനേഡിയൻ ഇന്നൊവേറ്റേഴ്സ് കൗൺസിൽ (സി.സി.ഐ) പ്രസിഡന്റ് ബെഞ്ചമിൻ ബെർഗൻ പറഞ്ഞു.

കുടിയേറ്റക്കാർക്കുള്ള ഭാഷാ ആവശ്യകത, പ്രവിശ്യയുടെ ടെക് മേഖലയിലുള്ള മുന്നേറ്റത്തെ തടസ്സപ്പെടുത്തുമെന്നും നിലവിലുള്ള ഡവലപ്പർമാരുടെയും എഞ്ചിനീയർമാരുടെയും ക്ഷാമം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചു. സി.സി.ഐയുടെ ആശങ്കകൾ പരിഗണിച്ചില്ലെങ്കിൽ, ക്യുബെക്കിൽ പുതിയ ബിസിനസ്സുകൾ ആരംഭിക്കുന്നത്തിൽനിന്നും കമ്പനികൾ വിട്ടുനിൽക്കുമെന്നും നിലവിലുള്ള സ്ഥാപനങ്ങൾ പ്രവിശ്യയ്ക്ക് പുറത്ത് ശാഖകൾ നടത്തുകയോ അല്ലെങ്കിൽ നിർത്തേണ്ടിവരുകയോ ചെയ്യുമെന്നും ടെക് കമ്പനികൾ പറയുന്നു.

ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻ മേഖലകളിൽ 10,000-ത്തിലധികം ജോലികൾ നികത്തേണ്ടതുണ്ടെന്ന് ക്യൂബെക്ക് സർക്കാർ കഴിഞ്ഞ വർഷം കണക്കാക്കിയിരുന്നു.