ഹൈസ്കൂൾ വിദ്യാർത്ഥികളെ നലോക്സോൺ ഉപയോഗത്തെപ്പറ്റി പരിശീലിപ്പിക്കാനൊരുങ്ങി കാനഡ

By: 600002 On: Jun 15, 2022, 4:12 PM

ഒപിയോയ്ഡുകൾ അമിത ഡോസിൽ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങൾ കുറയ്ക്കാൻ നലോക്സോൺ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കാനഡയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. അഡ്വാൻസ്‌ഡ് കൊറോണറി ട്രീറ്റ്‌മെന്റ് ഫൗണ്ടേഷൻ, രാജ്യത്തുടനീളമുള്ള ഹൈസ്‌കൂളുകളിൽ സൗജന്യമായാണ് പരിശീലനം നൽകുക. നിലവിലുള്ള  സി.പി.ആർ, ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ പരിശീലനത്തോടൊപ്പം പുതിയ പരിശീലന പരിപാടി കൂടി ഉൾപ്പെടുത്തും.

ഓരോ വർഷവും 350,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. എന്താണ് ഒപിയോയ്ഡുകൾ, എങ്ങനെ അവയെ തിരിച്ചറിയാം, ഏത് സാഹചര്യത്തിൽ 911 എന്ന നമ്പറിൽ  വിളിക്കണം, എപ്പോൾ കാർഡിയോപൾമോണറി പുനർ-ഉത്തേജനം നടത്തണം, എപ്പോൾ നലോക്സോൺ നൽകണം എന്നിവയെല്ലാമാണ് വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യുബെക്ക്, ആൽബെർട്ട, ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരിശീലനം നടത്തുക.

കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി 2021 ജനുവരിക്കും സെപ്‌റ്റംബറിനും ഇടയിൽ ഒപിയോയ്‌ഡുകളുമായി ബന്ധപ്പെട്ട 5,386-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണങ്ങളിൽ  94 ശതമാനവും ആകസ്മികമായിരുന്നു.

ചെറുപ്പക്കാരിൽ ഹൃദയസ്തംഭനം പൊതുവെ കുറവാണെങ്കിലും ഒപിയോയ്ഡുകൾ ഉപയോഗിക്കുന്നവരിൽ ഇതിന്റെ സാധ്യത കൂടുതലാണ്. ഹാർട്ട്‌അറ്റാക്ക് നിമിത്തം ഒരാൾ ബുദ്ധിമുട്ടുന്ന സന്ദർഭങ്ങളിൽ നലോക്സോൺ മൂക്കിലൂടെ എങ്ങനെ നൽകാമെന്നാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.

2019-ൽ 186 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപ്പെട്ട ഓട്ടവയിലെ വിജയകരമായ പൈലറ്റ് പ്രോജക്റ്റിന് ശേഷം വികസിപ്പിച്ച പരിശീലന പരിപാടി , അടിയന്തര സാഹചര്യങ്ങളിലും, ഒപിയോയിഡുകളുടെ അപകടസാധ്യതകളിലും എങ്ങനെ പ്രതികരിക്കണമെന്ന് യുവാക്കളെ അവബോധരാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.