വാൻകൂവറിൽ ഗരാജ് റിമോട്ട് ഉപയോഗിച്ചുള്ള മോഷണവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ

By: 600002 On: Jun 15, 2022, 4:08 PM

അടുത്തിടെ നടന്ന ഗരാജ് റിമോട്ട് ഉപയോഗിച്ചുള്ള മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിച്ച്മണ്ട് മൗണ്ടീസ് അറിയിച്ചു. സ്റ്റീവെസ്റ്റൺ ഏരിയയിലെ കാർ ബ്രേക്ക്-ഇന്നുകളെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷമാണ് മെയ് 18 ന് വാൻകൂവറിൽ നിന്ന്  രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

മോഷ്ടിക്കപ്പെട്ട ഗരാജ് റിമോട്ടുകൾ ഉപയോഗിച്ച് ഗരേജ് തുറന്ന് കാറുകളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. മിക്ക കേസുകളിലും വാഹനങ്ങൾ പൂർണമായും ലോക്ക് ചെയ്യപ്പെട്ടിരുന്നില്ല എന്ന് പോലീസ് ഞായറാഴ്ച വാർത്താക്കുറിപ്പിൽ പറഞ്ഞു. സമാനമായി വേറെയും മോഷണശ്രമങ്ങൾ നടന്നിട്ടുള്ളതായി സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പാർക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ ലോക്ക് ചെയ്‌തിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. വാഹനം വീടിന് പുറത്ത് പാർക്ക് ചെയ്യുമ്പോൾ ഗരാജ് ഡോർ റിമോട്ടുകൾ കാറുകളിൽ വയ്ക്കാൻ പാടില്ലെന്നും പോലീസ് ഓർമ്മപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവർ ആർ‌.സി‌.എം‌.പി യെ 604-278-1212 എന്ന നമ്പറിൽ വിളിക്കുവാനും  സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ദയിൽപെട്ടാൽ  ഉടൻ തന്നെ പോലീസിനെയോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെയോ വിവരമറിയിക്കുവാൻ പോലീസ് നിർദ്ദേശിച്ചു.