വാൻകൂവറിൽ ലിഥിയം അയൺ ബാറ്ററികൾമൂലമുള്ള തീപിടുത്തം വർധിക്കുന്നതായി അധികൃതർ

By: 600007 On: Jun 15, 2022, 2:35 AM

വാൻകൂവറിൽ ലിഥിയം അയൺ ബാറ്ററികൾ കൊണ്ടുണ്ടായ തീപിടിത്തത്തിൽ ഈ വർഷം അഞ്ച് പേരുടെ ജീവൻ നഷ്ടമായതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച്ച ഡൗൺടൗൺ ഈസ്റ്റ് സൈഡിലുള്ള എസ്.ആർ.ഒ യായ എംപ്രസ് ഹോട്ടലിൽ ഇ-ബൈക്ക് ബാറ്ററി കൊണ്ടുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു.

2016 മുതൽ ഇത്തരം ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം 500 ശതമാനം ഉയർന്നതായി  വാൻകൂവർ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ്‌ ക്യാപ്റ്റൻ മാത്യു ട്രൂഡോ പറഞ്ഞു. ഇലക്ട്രോണിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും പുറമെ ലാപ്‌ടോപ്പുകൾക്കും സെൽഫോണുകൾക്കും പവർ നൽകാൻ ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ബാറ്ററികളിലെ അമിത ചാർജ്ജിംഗ് കൊണ്ടും കേടായ ചാർജറുകളുടെ ഉപയോഗം മൂലവും തീപിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ട്.

ലിഥിയം അയോണിലെ രാസപ്രവർത്തനം മൂലം ഉണ്ടാകുന്ന തെർമൽ റൺവേ എഫക്ട്  അപകടകരവും കെടുത്താൻ പ്രയാസമുള്ളതുമാണ്. ജനുവരിയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിക്കാനിടയായ തീപിടുത്തം ഉണ്ടായത് ഇത്തരം ബാറ്ററികൾ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലിഥിയം അയൺ ബാറ്ററികളുടെ ഉപയോഗത്തിനും സംഭരണത്തിനുമുള്ള സേഫ്റ്റി ടിപ്പുകൾ https://www.canada.ca/en/health-canada/services/toy-safety/battery-safety.html എന്ന ലിങ്കിൽ ലഭ്യമാണ്.