
ഇത്തിഹാദ് എയർവേസിൽ ഇനി ഉടമസ്ഥരോടൊപ്പം അവരുടെ വളർത്തുമൃഗങ്ങൾക്കും യാത്രചെയ്യാം. വളർത്തുനായയെയും പൂച്ചയേയും ആണ് യാത്ര വിമാനത്തിൽ ഇത്തിഹാദ് അനുവദിക്കുന്നത്.
ഇത്തിഹാദ് വെബ്‌സൈറ്റ് വഴി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.16 ആഴ്ചയെങ്കിലും പ്രായമുള്ള വളർത്തുമൃഗങ്ങൾക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളു. യാത്രായോഗ്യമാണെന്ന് മൃഗഡോക്ടർ നൽകിയ സാക്ഷ്യപത്രത്തോടൊപ്പം അന്താരാഷ്ട്രനിയമം അനുസരിച്ചുള്ള യാത്രാരേഖകൾ ചെക്ക് ഇൻ സമയത്ത് ഹാജരാക്കണം. കൂടിന്റെയും മൃഗത്തിന്റെയും ഭാരം എട്ടുകിലോയിൽ കൂടാൻ പാടില്ല. മൃഗത്തിന്റെ പേര്, ഇനം, ജനനതീയതി, മൈക്രോചിപ്പ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണം.
ആറുമണിക്കൂറിൽ കൂടുതലാണ് യാത്രയെങ്കിൽ 920 ദിർഹവും ആറുമണിക്കൂറിൽ കുറവുള്ള യാത്രയ്ക്ക് 550 ദിർഹവുമാണ് യാത്ര നിരക്ക് ഈടാക്കുന്നത്. മൂന്നുവശങ്ങളിലും വായുസഞ്ചാരമുള്ള, ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂട്ടിലായിരിക്കണം വളർത്തുമൃഗത്തെ കൊണ്ടുപോകുന്നത്. സീറ്റിനടിയിലായിട്ടാണ് ഇവയ്ക്കുള്ള സൗകര്യം ഒരുക്കുക. പ്രത്യേക സീറ്റ് വേണമെങ്കിൽ അധികതുക നൽകി ബുക്ക് ചെയ്യാം. യാത്രയിലുടനീളം വളർത്തുമൃഗം കൂട്ടിൽ ആയിരിക്കണം. പ്രത്യേക സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 50x43x50 സെന്റീമീറ്റർ വരെ കൂടിന് വലിപ്പമാകാം. സാധാരണയായി വൻതുക നൽകി കാർഗോവിമാനങ്ങളിലാണ് വളർത്തുമൃഗങ്ങളെ അയയ്ക്കുന്നത്.