
ലിംഗവിവേചനം കാണിച്ചെന്ന വനിതജീവനക്കാരുടെ പരാതിയെ തുടർന്ന് 15,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ഗൂഗിൾ. 11.8 കോടി യു.എസ് ഡോളറാണ് നഷ്ടപരിഹാരമായി നൽകുന്നത്. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകും.
2017 ലാണ് വനിതാ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതിനു മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ പരാതി നൽകിയത്. കമ്പനിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഏകദേശം 17,000 ഡോളരിന്റെ വേതന വ്യത്യാസം ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം, ഗൂഗിൾ വനിതാ എൻജിനീയർമാർക്ക് കുറഞ്ഞ വേതനമാണ് നൽകുന്നതെന്നും ജോലിക്ക് ഏഷ്യൻ അപേക്ഷകരെ അവഗണിക്കുന്നുവെന്നും ആരോപിച്ചുള്ള ഒരു കേസ് ഒത്തുതീർപ്പാക്കാൻ 2.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ സമ്മതിച്ചിരുന്നു.