
27 വർഷത്തെ സേവനത്തിനൊടുവിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ഷട്ട്ഡൗൺ ചെയ്യുന്നു. 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. 1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകൾ സൗജന്യ ഡൗൺലോഡ് അല്ലെങ്കിൽ ഇൻ-സർവീസ് പായ്ക്കുകളായി ലഭ്യമായിരുന്നു.
ഒ.ജി സെർച്ച് ബ്രൗസർ എന്നറിയപ്പെടുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ 2003 കാലഘട്ടത്തിൽ 95ശതമാനം ഉപഭോക്താക്കളുമായി മുൻപന്തിയിലായിരുന്നു. പക്ഷെ പിന്നീടുള്ള വർഷങ്ങളിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ പിന്തള്ളപ്പെട്ടു. പിന്നീട് 2016 നു ശേഷം ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ പുതിയ അപ്ഡേഷനുകളോ പതിപ്പുകളോ പുറത്തിറങ്ങിയിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ പതിപ്പ്.
ദശലക്ഷക്കണക്കിന് ആളുകളെ വേൾഡ് വൈഡ് വെബിലേക്ക് എത്തിക്കാൻ ആദ്യ പടിയായി പ്രവർത്തിച്ച പ്ലാറ്റ്ഫോം ആണ് ഇനി ഓർമയാകുന്നത്. വർഷങ്ങളായി ഇന്റർനെറ്റ് എക്സ്പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല എന്ന് മൈക്രോസോഫ്റ്റ് കുറിച്ചു.