കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ ഷെറിഫ് വെടിയേറ്റ് മരിച്ചു

By: 600084 On: Jun 14, 2022, 4:52 PM

പി പി ചെറിയാൻ, ഡാളസ്.

മേരിലാന്റ് : മേരിലാന്റ് വിക്കോമിക്കോ കൗണ്ടി ഷെറീഫ് ഓഫീസ്  ഡെപ്യുട്ടി ഗ്ലെന്‍ ഹില്ലാര്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങിയ കുറ്റവാളിയെ പിന്തുടരുന്നതിനിടയില്‍ അപ്രതീക്ഷിത ആക്രമണത്തില്‍ വെടിയേറ്റു മരിച്ചു.  

ഇരുപത് വയസ്സുള്ള ഓസ്റ്റിന്‍ ഡേവിഡ്സണ്‍ എന്ന കുറ്റവാളിയാണ് ജൂണ്‍ 12 ഞായറാഴ്ച പോലീസ് ഓഫീസറെ വെടിവച്ചു കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഓസ്റ്റിന്‍. അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.

ഞായറാഴ്ച വൈകീട്ട് പ്രതി പിറ്റ്‌സവില്ല അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നറിഞ്ഞാണ് പോലീസ് ഓഫീസര്‍ എത്തിയത് പോലീസിനെ കണ്ട പ്രതി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതിയെ പിന്തുടര്‍ന്ന പോലീസിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പ്രതിയെ കണ്ടെത്താന്‍ 12 പോലീസ് ഓഫീസര്‍മാര്‍ നടത്തിയ അന്വേഷണം ഫലപ്രദമായി അറസ്റ്റ് ചെയ്ത പോലീസ് പ്രതിയെ ജയിലിലടച്ചു.

ലോഎന്‍ഫോഴ്‌സ്‌മെന്റില്‍ 16 വര്‍ഷത്തെ സര്‍വീസുള്ള ഹില്ലാര്‍ഡിന്റെ നാല്‍പ്പത്തി രണ്ടാം ജന്മദിനം ഈ മാസമായിരുന്നു. മൂന്നു മക്കളുടെ പിതാവാണ് അദ്ദേഹം.  സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ വിക്കോമിക്കൊ കൗണ്ടി ജീവനക്കാര്‍ അനുശോചനം അറിയിച്ചു.