കലാപത്തിന് പദ്ധതി തയ്യാറാക്കിയ വൈറ്റ് നാഷ്ണലിസ്റ്റ് ലീഡര്‍ ഉള്‍പ്പെടെ 31 പേര്‍ അറസ്റ്റില്‍

By: 600084 On: Jun 14, 2022, 4:48 PM

പി പി ചെറിയാൻ, ഡാളസ്.

ഐഡഹൊ: വാരാന്ത്യത്തിലെ പ്രൈഡ് ഇവന്റില്‍ കലാപത്തിനു പദ്ധതിയിട്ട വൈറ്റ് നാഷ്ണലിസ്റ്റ് ലീഡര്‍ തോമസ് റയന്‍ റൗസ് ഉള്‍പ്പെടെ 31 പേരെ ഐഡഹോ പോലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തു.

കോര്‍ഡി അലിന്‍ സിറ്റി പാര്‍ക്കില്‍ നടക്കുന്ന പ്രൈഡ് ഇവന്റിനെ ലക്ഷ്യമാക്കിയാണ് യുഹാള്‍ വാഹനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പുറപ്പെട്ടത്. ലിറ്റില്‍ ആര്‍മി വസ്ത്രം ധരിച്ചു പുറപ്പെട്ട ഇവരുടെ വാഹനം ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് 911 വിളിച്ചു വിവരം പോലീസിനെ അറിയിച്ചത്. ഉടനെ പോലീസ് വാഹനത്തെ പിന്തുടര്‍ന്ന്  യുഹാളിലുണ്ടായിരുന്ന 31 പേരെയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് ചീഫ് ലീ വൈറ്റ് പറഞ്ഞു.

പാര്‍ക്കില്‍ പ്രൈഡ് ഇവന്റില്‍ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളും, പ്രാദേശിക ഗായകരും, ഡാന്‍സ് ടീമംഗങ്ങളും, ആര്‍ട്ടിസ്റ്റുകളും എത്തിചേര്‍ന്നിരുന്നു. ചെറുപ്പക്കാരുടെ സംഘത്തിന്റെ കൈവശം ഫയര്‍ ആംസ് ഉണ്ടായിരുന്നുവോ എ്‌നത് വ്യക്തമല്ലെന്നും, എന്നാല്‍ ഇവന്റില്‍ ബഹളം സൃഷ്ടിച്ചു ആളുകളെ ഭയപ്പെടുത്തുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റു ചെയ്ത 31 പേരും അവിടെയുള്ളവരായിരുന്നില്ലെന്നും, ഇതില്‍ രണ്ടുപേര്‍ ഐഡഹോയില്‍ നിന്നുള്ളവരായിരിക്കും എന്നും പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്തവരുടെ തൊപ്പി പാട്രിയറ്റ് ഫ്രണ്ട് ഗ്രൂപ്പിനോട് സമാനമായിരുന്നുവെന്നും പോലീസ് പറഞ്ഞു. 2017 ല്‍ ടെക്‌സസ്സിലായിരുന്നു ഈ ഗ്രൂപ്പ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്.