പി പി ചെറിയാൻ, ഡാളസ്.
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ഈയിടെ വര്‍ദ്ധിച്ചു വരുന്ന മാസ് ഷൂട്ടിംഗുകളെ തുടര്‍ന്ന്, മിലിട്ടറി ഉപയോഗിക്കുന്ന തരത്തിലുള്ള മാരക പ്രഹരശേഷിയുള്ള റൈഫിളുകളുടെ വില്പന നിരോധിക്കുമെന്നും, ഇത്തരം തോക്കുകള്‍ വാങ്ങുന്നവരുടെ പ്രായം 21 ആക്കി ഉയര്‍ത്തുമെന്നും പ്രസിഡന്റ് ബൈഡന് നടത്തിയ പ്രഖ്യാപനം, വെള്ളത്തില്‍ വരച്ച വരപോലെയായി.
ഡമോക്രാറ്റിക് പാര്‍ട്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഗണ്‍ കണ്ട്രോള് നിയമങ്ങള്‍ എന്തെല്ലാമായിരിക്കണമെന്ന ധാരണയിലെത്തി. ഇതില്‍ സുപ്രധാന തീരുമാനം 21 വയസ്സിനു താഴെ തോക്കു വാങ്ങുവാന്‍ വരുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് കര്‍ശനമാക്കണം എന്നതാണ്.
ജൂണ്‍ 13 തിങ്കളാഴ്ച ഡമോക്രാറ്റിക് പാര്‍ട്ടി യു.എസ്. സെനറ്റര്‍ ക്രിസ് മര്‍ഫി, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോണന് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയാണ് തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യമാകെ വ്യാപിച്ചിരിക്കുന്ന അക്രമണ വാസന കുറച്ചുകൊണ്ടുവരിക, മെന്റല്‍ ഹെല്‍ത്ത് റിസോഴ്സസ് വര്‍ദ്ധിപ്പിക്കുക എന്നിവക്കാണ് അമിത പ്രാധാന്യം നല്‍കിയിരിക്കുന്നത്.
അതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. അമേരിക്കയിലെ ഭൂരിപക്ഷവും ആഗ്രഹിച്ച മാരക പ്രഹരശേഷിയുള്ള ആയുധ വില്പന നിരോധമോ തോക്ക് വാങ്ങുന്നവരുടെ പ്രായം ഉയര്‍ത്തുന്നതിനോ ഇത്തവണയും തീരുമാനമില്ല.