ആൽബെർട്ടയിലെ യൂട്ടിലിറ്റി റിബേറ്റിന്റെ പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പുമായി ഗവണ്മെന്റ്

By: 600002 On: Jun 14, 2022, 3:11 PM

യൂട്ടിലിറ്റി റിബേറ്റുകൾ നൽകുമെന്ന സർക്കാർ വാഗ്ദാനത്തെ മുൻനിർത്തി ആൽബെർട്ടയിലുള്ളവവരെ  ലക്ഷ്യമിട്ട് തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എൻ‌.ഡി‌.പി യും ഗവൺമെന്റും തിങ്കളാഴ്ച ആളുകൾക്ക് മുന്നറിയിപ്പ് നൽകി. ഉയർന്ന വില കാരണം പ്രവിശ്യയിലെ എല്ലാ വൈദ്യുതി ഉപഭോക്താക്കൾക്കും 150 ഡോളർ ക്രെഡിറ്റ് ചെയ്യുമെന്ന് മാർച്ചിൽ ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു.

ജൂലൈയിലായിരിക്കും ഈ തുക ക്രെഡിറ്റ്‌ ആകുന്നത് എന്നാണ് ഗവൺമെന്റ് അധികൃതർ പറയുന്നത്. എന്നാൽ പേഔട്ടുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ടെക്സ്റ്റുകളുടെ ഫോട്ടോകൾ ഓൺലൈനിൽ കാണുന്നുണ്ട്. ഇത് ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്  ലിങ്കിൽ ക്ലിക്കുചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന് എൻ.ഡി.പി എനർജി ക്രിട്ടിക് കാത്‌ലീൻ ഗാൻലി തിങ്കളാഴ്ച പറഞ്ഞു. റിബേറ്റ് തട്ടിപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച് ആൽബെർട്ടൻസിനെ  ബോധവൽക്കരിക്കാൻ ഒരു ഡിജിറ്റൽ പൊതുജന അവബോധ കാമ്പെയ്‌ൻ നടത്താൻ എൻ.ഡി.പി ഉദ്ദേശിക്കുന്നുണ്ട്.

വൈദ്യുതി കിഴിവുകൾ ജൂലൈ മുതൽ ബില്ലുകളിൽ നേരിട്ട് ക്രെഡിറ്റ് നൽകുകയാണെന്നും റിബേറ്റ് ലഭിക്കുവാൻ ഉപഭോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഇലക്ട്രിസിറ്റി ആൻഡ് നാച്ചുറൽ ഗ്യാസ് അസോസിയേറ്റ്  മന്ത്രിയുടെ വക്താവ് ടെയ്‌ലർ ഹൈഡ്‌സ് പറഞ്ഞു.

തട്ടിപ്പിനിരയായവരോ സംശയമുള്ളവരോ അത് റിപ്പോർട്ട് ചെയ്യണമെന്നും ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുന്ന ആളുകൾ എഡ്‌മന്റൻ  പോലീസ് സർവീസിനെ 780-423-4567 എന്ന നമ്പറിലോ കാൽഗറി പോലീസ് സർവീസിന്റെ 403-266-1234 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് എൻ.ഡി.എ അറിയിച്ചു. കൂടാതെ കനേഡിയൻ ആന്റി ഫ്രോഡ് സെന്ററുമായി 1-888-495-8501 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.