ടൊറന്റോയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണത്തിന് പിന്നിലെ കൊലയാളിയെ തിങ്കളാഴ്ച ടൊറന്റോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി അലക് മിനാസിയൻ 25 വർഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണം.
2018 ഏപ്രിൽ 23 ന് ടൊറന്റോയിലുള്ള നോർത്ത് യോർക്ക് സിറ്റി സെന്റർ ബിസിനസ് ഡിസ്ട്രിറ്റിലെ യോങ് സ്ട്രീറ്റിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരക്കേറിയ നടപ്പാതയിൽ വാടകയ്‌ക്കെടുത്ത വാൻ ഇയാൾ മനഃപൂർവം ഓടിച്ചുകയറ്റിയതിനെത്തുടർന്ന് 10 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീ മൂന്ന് വർഷങ്ങൾക്ക് ശേഷം മരിച്ചു.
തന്നോടൊപ്പം കഴിയാൻ സ്ത്രീകൾ വിസമ്മതിച്ചതിനെ തുടർന്ന് പ്രതിക്ക് സ്ത്രീകളോടുണ്ടായ പ്രതികാരമാണ് ആക്രമണത്തിൽ കലാശിച്ചത്. മരിച്ചവരിൽ 9 പേർ സ്ത്രീകളാണ്. കേസുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിൽ ആരംഭിച്ച നിയമനടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 10 പേരെ വധിച്ചതിനും 16 പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.