നിർബന്ധിത ഐസൊലേഷൻ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കി ആൽബെർട്ട

By: 600002 On: Jun 14, 2022, 2:57 PM

നിർബന്ധിത ഐസൊലേഷൻ ഉൾപ്പെടെ, ആൽബർട്ടയിലെ ശേഷിക്കുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ചൊവ്വാഴ്ച രാത്രി 11:59-ന് നീക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. നിലവിൽ ബാക്കിയുള്ള നിർബന്ധിത ഐസൊലേഷൻ, പബ്ലിക് ട്രാൻസിറ്റിൽ  മാസ്ക് ധരിക്കൽ എന്നീ നിയന്ത്രണങ്ങളാണ് അവസാനിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് വാർത്താക്കുറിപ്പിലൂടെ ഗവണ്മെന്റ് മാറ്റം പ്രഖ്യാപിച്ചത്.

നിർബന്ധമല്ലെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉള്ളവരും കോവിഡ് പോസിറ്റീവ് ആകുന്നവരും ഐസൊലേഷനു വിധേയരായാകുവാൻ ഗവൺമെന്റ് നിർദ്ദേശിക്കുന്നു. ആൽബർട്ട ഹെൽത്ത് സർവീസസിലെയും മറ്റ് ആരോഗ്യ പരിപാലന സൗകര്യങ്ങളിലെയും നിർബന്ധിത മാസ്കിംഗ് നിയമങ്ങൾ ഇനിമുതൽ വ്യക്തിഗത സൈറ്റുകൾക്ക് നിർണ്ണയിക്കാം.

വാക്‌സിനുകൾ, ആൻറിവൈറലുകൾ, റാപിഡ് ടെസ്റ്റുകൾ എന്നിവ ഉറപ്പാക്കി ആരോഗ്യ സംരക്ഷണ സംവിധാനം വർദ്ധിപ്പിച്ച് ആൽബെർട്ടൻസിനെ സുരക്ഷിരായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി ജാസൺ കോപ്പിംഗ് പറഞ്ഞു.

പ്രവിശ്യയിൽ നിലവിലുള്ള പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് സൂചിപ്പിക്കുന്നത് കോവിഡിന്റെ വ്യാപനം  കുറയുന്നു എന്നാണ്. പ്രതിദിന ഹോസ്പിറ്റലൈസേഷൻ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും പ്രാഥമിക വാക്‌സിൻ സീരീസും ബൂസ്റ്റർ ഡോസുകളും നൽകുന്നത് തുടരുമെന്നും അതോടൊപ്പം പതിവായി കൈ കഴുകുന്നതുപോലുള്ള ശീലങ്ങൾ ആളുകൾ തുടരണമെന്നും ആൽബെർട്ട ഹെൽത്ത്‌ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡീന ഹിൻഷോ പറയുന്നു.