ഒന്റാരിയോയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്ന് കാണാതായ 11 വയസ്സുകാരനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒന്റാരിയോ ലിൻഡ്‌സേയ്ക്ക് സമീപമുള്ള സ്‌കൂഗാഗ് നദിയിൽ നിന്ന് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞു 3.30 ഓടു കൂടിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പറഞ്ഞു.
സംഭവത്തിൽ ദുരൂഹത ഇല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഓട്ടിസം ബാധിതനായിരുന്ന ഡ്രാവൻ ഗ്രഹാമിനെ ഒന്റാരിയോ ലിൻഡ്‌സെയിൽ ക്യൂൻ സ്ട്രീറ്റിലെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നുവെന്നു പിതാവ് പറഞ്ഞു. വീട്ടിൽ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പിന്നിലെ വാതിൽ അൺലോക്ക് ചെയ്തതായി കണ്ടെത്തി.
സംസാരിക്കുന്നതിന് ബുദ്ധിമുട്ടും ആരെങ്കിലും സ്പർശിക്കുമ്പോൾ പ്രകോപനമുണ്ടാക്കുന്ന സ്വഭാവമുള്ളതുമായ കുട്ടിയെ ഒ.പി.പി ഉൾപ്പെടെയുള്ള പോലീസും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. തിങ്കളാഴ്ച്ച രാവിലെ ഡ്രാവെന്റെ വസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നദിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.