കാൽഗറിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

By: 600007 On: Jun 14, 2022, 3:25 AM

കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കാൽഗറിയിൽ 14 ദിവസത്തേക്ക് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മേയർ ജ്യോതി ഗോണ്ടെക് തിങ്കളാഴ്ച അറിയിച്ചു. അടിയന്തരാവസ്ഥ സംബന്ധിച്ച ഓർഡർ സാഹചര്യത്തിനനുസരിച്ച് റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യുമെന്നും മേയർ അറിയിച്ചു. 

ആശങ്ക പെടേണ്ട സാഹചര്യമൊന്നും ഇപ്പോൾ നിലവിലില്ലെന്നും 2013ലെ വെള്ളപ്പൊക്ക സമയത്തേക്കാൾ ബോ നദിയിലെയും എൽബോ നദിയിലെയും നിലവിലെ വെള്ളത്തിന്റെ അളവ് വളരെ കുറവാണെന്ന് ഗോണ്ടെക് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ അവശ്യ സർവീസ് ഡിപ്പാർട്ട്മെന്റുകൾക്ക് തയ്യാറെടുപ്പുകൾ നടത്തുവാനും പ്രവർത്തിക്കാനുമായിട്ടാണ് സ്റ്റേറ്റ് ഓഫ് എമെർജൻസി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മേയർ അറിയിച്ചു.  

സുരക്ഷ നടപടികളുടെ ഭാഗമായി ബോ, എൽബോ നദികളുടെ തീരത്തുള്ള നിരവധി പാത്ത് വേകൾ അടയ്ക്കുകയും താൽക്കാലിക വാട്ടർ പമ്പുകൾ സ്ഥാപിക്കുകയും ഗ്ലെൻമോർ റിസർവോയർ താഴ്ത്തുകയും ചെയ്തിട്ടുണ്ട്. കാൽഗറിയിൽ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച  പ്രദേശങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഓൺലൈൻ മാപ്പ് ടൂളും പുറത്തിറക്കിയിട്ടുണ്ട്.

ബാൻഫ്, കനനാസ്‌കിസ്, എക്‌സ്‌ഷോ എന്നിവടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രവചനങ്ങൾ വ്യത്യസ്തമാണെങ്കിലും, ബുധനാഴ്ചയോടെ  80 മുതൽ 100 ​​മില്ലിമീറ്റർ വരെ മഴയും പെയ്യുമാണെന്ന് റിപ്പോർട്ടുകൾ.  ചില പ്രദേശങ്ങളിൽ 150 മില്ലിലിറ്റർ വരെ മഴ പെയ്യുവാൻ സാധ്യതയുണ്ട്.