ബാൻഫ്, കാൻമോർ, എക്‌ഷോ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

By: 600007 On: Jun 13, 2022, 9:18 PM

 

 

ശക്തമായ മഴയെത്തുടർന്ന് ബാൻഫ്, കാൻമോർ, എക്‌ഷോ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്.  
വെള്ളപ്പൊക്കമുണ്ടായാൽ നേരിടുവാൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളതായി ബാൻഫ് ടൗൺ അധികൃതർ അറിയിച്ചു. ബാൻഫിലെ താഴ്ന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ബിർച്ച് അവന്യൂവിനോട് ചേർന്ന് താമസിക്കുന്ന ആളുകൾ അടിയന്തര ഘട്ടത്തിൽ ഒഴിഞ്ഞു പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബാൻഫിൽ താമസിക്കുന്നവരും സന്ദർശകരും നദീതീരങ്ങളിൽ പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ആൽബെർട്ടയിലെ നോർഡെഗ് മുതൽ വാട്ടർടൺ വരെയുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെയോടെ കുറഞ്ഞത് 50 മില്ലീമീറ്ററും ഫൂട്ട്ഹിൽ മേഖലയിൽ 100 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ ഇന്നലെ അറിയിച്ചിരുന്നു.  

2013 ജൂണിൽ, കനത്ത മഴയിൽ പർവതത്തിലെ മഞ്ഞുപാളികൾ പെട്ടെന്ന് ഉരുകിയത് മൂലം 6 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ സംഭവിച്ച വെള്ളപ്പൊക്കമാണ് കാൽഗറിയിൽ ഉണ്ടായത്.