ഭാര്യയേയും ഒരു വയസ്സുള്ള മകളെയും വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

By: 600084 On: Jun 13, 2022, 4:51 PM

പി പി ചെറിയാൻ, ഡാളസ്.

റിവര്‍ഡെയ്ല്‍ (ജോര്‍ജിയ) :  ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 11 ശനിയാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത്  ഭര്‍ത്താവ്(ഡാരിയന്‍ ബെനറ്റ്, 38)  അവിടെ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ  ഇയാള്‍ പൊലീസില്‍ വിളിച്ചു മകളെ വെടിവച്ചു കൊല്ലുവാന്‍ പോകുകയാണെന്ന് അറിയിച്ചു. റിവര്‍ഡെയ്ല്‍ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയന്‍ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുന്‍പ് ഒരു വയസ്സുള്ള  കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച്  സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു.

സംഭവം നടന്ന ശനിയാഴ്ച വീട്ടില്‍ തട്ടികൊണ്ടുപോയ കുട്ടിക്കു പുറമെ മറ്റു രണ്ടു കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ സുരക്ഷിതരായിരുന്നു. വെടിവയ്പിനു ഡാരിയനെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമല്ല - ന്യൂട്ടന്‍ കൗണ്ടി പൊലീസ് അറിയിച്ചു. ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലമായതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.