സ്റ്റാഫ്‌ ഷോർട്ടേജ്; ക്യുബെക്കിലെ ലേക്ക്ഷോർ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കാൻ അഭ്യർത്ഥന

By: 600002 On: Jun 13, 2022, 3:17 PM

ജീവനക്കാരുടെ കുറവുള്ളതിനാൽ ആളുകൾ പോയിന്റ്-ക്ലെയറിലെ ലേക്ക്ഷോർ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പോകുന്നത് ഒഴിവാക്കുവാൻ അഭ്യർത്ഥനയുമായി വെസ്റ്റ് ഐലൻഡ് ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയൻ (SPSSODIM). പല ഷിഫ്റ്റുകളിലും നഴ്‌സുമാരിൽ പകുതിയോളം പേരുടെ കുറവുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് ജോഹാൻ റിയാൻഡോ പത്രക്കുറിപ്പിൽ പറഞ്ഞു.

ലേക്ക്ഷോർ ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് ഉണ്ടാവുന്നത് ഇതാദ്യമല്ല. 2020 ഓഗസ്റ്റിൽ, സമാനമായ കാരണങ്ങളാൽ മേഖലയിലെ മറ്റ് എമർജൻസി റൂമുകൾ ഉപയോഗിക്കാൻ എസ്.പി.എസ്.എസ്.ഒ.ഡി.ഐ.എം ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം നൽകാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ല എന്ന് റിയാൻഡോ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ലേക്ക്ഷോർ ആശുപത്രിയിലെ ഒക്യുപൻസി നിരക്ക് 126 ശതമാനമായിരുന്നു. സ്‌ട്രെക്ച്ചറിൽ ഉണ്ടായിരുന്ന 18 രോഗികൾക്ക് 24 മണിക്കൂറും, ഒമ്പത് പേർക്ക് 48 മണിക്കൂറും കാത്തുനിൽക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.

മോൺട്രിയലിൽ മറ്റ് ആശുപത്രികളിലും നിലവിലെ ഒക്യുപൻസി നിരക്ക് ഭയാനകമാണ്. റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ 155 ശതമാനവും ജ്യൂയിഷ് ജനറൽ ഹോസ്പിറ്റലിൽ 187 ഉം ഒക്യുപെൻസി നിരക്ക് ഉള്ളതായി വെള്ളിയാഴ്ച രാത്രി ഇൻഡെക്‌സ് സാന്റെ വെബ്‌സൈറ്റ് അപ്ഡേറ്റ് ചെയ്തു.

വേനൽക്കാലത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർ ആശങ്കാകുലരാണെന്ന് എസ്.പി.എസ്.എസ്.ഒ.ഡി.ഐ.എം പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങൾ  ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെടുന്നുണ്ട്.  എമർജൻസി റൂമിന് പകരം മറ്റ് മാർഗങ്ങളുണ്ടെന്നും അതിനായി ആളുകൾ അടുത്തുള്ള ഫാർമസിസ്റ്റിനെ കൺസൾട്ട് ചെയ്യുകയോ  811 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യേണ്ടതാണെന്നും ലേക്ക്ഷോർ ഹോസ്പിറ്റലിന്റെ മേൽനോട്ടം വഹിക്കുന്ന വെസ്റ്റ് ഐലൻഡ് സി.ഐ.യു.എസ്.എസ്.എസിന്റെ വെബ്‌സൈറ്റിൽ പറയുന്നു.