ബീ സി യിൽ നടന്ന സമാനമായ കവർച്ചകളിൽ ഉപയോഗിച്ചത് മോഷ്ടിച്ച ട്രക്കുകളെന്നു കണ്ടെത്തൽ

By: 600002 On: Jun 13, 2022, 3:08 PM

ബീ സി യിലെ എറിംഗ്ടണിൽ 9 ദിവസം ഇടവിട്ട് നടന്ന സമാനമായ കവർച്ചക്ക്‌ ഉപയോഗിച്ചത് മോഷ്ടിച്ച ട്രക്കുകളെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് നോർത്ത് നനൈമോ മൗണ്ടീസ് അന്വേഷണം ആരംഭിച്ചു. ഓരോ കവർച്ചയിലും പ്രതികൾ മോഷ്ടിച്ച പിക്കപ്പ് ട്രക്കുമായി പുലർച്ചെ എറിംഗ്ടണിലെ ആൽബെർണി ഹൈവേയിലെ ബിസിനെസ്സ് സ്ഥാപനങ്ങളിൽ എത്തുകയും കവർച്ച നടത്തിയശേഷം മോഷ്ടിച്ച വാഹനങ്ങൾ പ്രൈസ് റോഡിൽ ഉപേക്ഷിക്കുകയും ചെയ്തതായി ഓഷ്യൻസൈഡ് ആർ.സി.എം.പി ബുധനാഴ്ച നടത്തിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മെയ് 30 ന് പുലർച്ചെ 4:40 ഓടെ ആൽബെർണി ഹൈവേയിലെ 1400 ബ്ലോക്കിലെ ആദ്യസംഭവത്തിൽ വലിയതോതിൽ മദ്യം മോഷ്ടിക്കപ്പെട്ടിരുന്നു.  ജൂൺ 8 ബുധനാഴ്ച പുലർച്ചെ 3:30 ന് ഇതേ പ്രദേശത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിൽ നടന്ന സമാനമായ മറ്റൊരു കവർച്ചയിൽ പണമാണ് മോഷ്ടിക്കപ്പെട്ടത്. രണ്ട് മോഷണങ്ങൾക്ക് ശേഷവും മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങൾ പ്രൈസ് റോഡിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

രാത്രിയിലും അതിരാവിലെയും പുറത്തിറങ്ങുന്ന ആളുകൾ  സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 250-248-6111 എന്ന നമ്പറിൽ വിളിക്കണമെന്ന് പോലീസ് അറിയിച്ചു.