മങ്കിപോക്സ്: ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തിന് നേതൃത്വം നൽകാൻ കനേഡിയൻ ഡോക്ടർ

By: 600002 On: Jun 13, 2022, 2:56 PM

മങ്കിപോക്സിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തിന് നേതൃത്വം നൽകാൻ കനേഡിയൻ ഡോക്ടർ റോസമണ്ട് ലൂയിസ്. ജനങ്ങളിൽ വൈറസ് പടരാൻ തുടങ്ങുന്നതിനുമുമ്പ് അതിനെതിരെ പ്രവർത്തിക്കേണ്ടത് നിർണായകമാണെന്ന് മങ്കിപോക്സിനെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് ആയ  ഡോ. റോസമണ്ട് ലൂയിസ് പറഞ്ഞു. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത സമ്പർക്കത്തിലൂടെ പടരുന്ന വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരെയാണ് വൈറസ് പ്രാഥമികമായി ബാധിച്ചിട്ടുള്ളതെന്നും അവർ പറയുന്നു.

മങ്കിപോക്സ് രോഗലക്ഷണങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കേണ്ടതും അപകടസാധ്യതയുണ്ടെങ്കിൽ മുൻകരുതലുകൾ എടുക്കേണ്ടതും പ്രധാനമാണ്.  മങ്കിപോക്സിന്റെ നിലവിലുള്ളത് പോലുള്ള വ്യാപനം  മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും, വൈറസിന് ജനിതകമാറ്റം വന്നതിനാലാവാം ഇപ്പോൾ വൈറസ് കൂടുതൽ വ്യാപിക്കുന്നതെന്നും, നിലവിലുള്ള പല കേസുകൾക്കും തുടക്കത്തിൽ റിപ്പോർട്ട്‌ ചെയ്ത കേസുകളെക്കാൾ തീവ്രത കുറവാണെന്നും ഡോ.ലൂയിസ് പറയുന്നു.

കാനഡയിൽ 100-ലധികം മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും ക്യൂബെക്കിലാണ്. ടൊറന്റോയിൽ, കൂടുതൽ വ്യാപന സാധ്യത കണക്കിലെടുത്ത് രോഗം ബാധിച്ച ആളുകൾക്കായി പൊതുജനാരോഗ്യവിഭാഗം വാക്സിനേഷൻ ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ട്.

മുൻ കാലങ്ങളിൽ കാട്ടുമാംസം കഴിച്ച ആളുകളിലാണ് സാധാരണയായി വൈറസ്  കണ്ടുവന്നിരുന്നതെന്നും ലൂയിസ് കൂട്ടിച്ചേർത്തു.