സിഗരറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ഓരോ സിഗരറ്റിലും മുന്നറിയിപ്പ് അച്ചടിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാൻ കാനഡ ഒരുങ്ങുന്നു. ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് നൽകുന്നത് സാമൂഹിക സാഹചര്യങ്ങളിൽ സിഗരറ്റ് ഉപയോഗിക്കുന്ന യുവാക്കൾ ഉൾപ്പെടെയുള്ള ആളുകളിൽ അവശ്യ സന്ദേശങ്ങൾ എത്തുന്നതിന് സഹായിക്കുമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപാണ് സിഗരറ്റ് പായ്ക്കറ്റുകളിൽ സിഗരറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിത്തുടങ്ങിയത്. ഈ സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും നഷ്ട്ടപ്പെട്ടു തുടങ്ങിയതായി കാനഡ മെന്റൽ ഹെൽത്ത് അഡിക്ഷൻ വകുപ്പ് മന്ത്രി കരോലിൻ ബെന്നെറ്റ് പറഞ്ഞു.
നിർദിഷ്ട മാറ്റത്തിനായുള്ള കൺസൾട്ടേഷൻ കാലയളവ് ശനിയാഴ്ച മുതൽ ആരംഭിച്ചു. . 2023 ന്റെ അവസാനത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 'ഓരോ പഫിലും വിഷം'(poison in every puff ) എന്നതാണ് നിലവിൽ മുന്നറിയിപ്പായി നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ പാക്കറ്റുകളിൽ പുകവലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടുന്ന വിപുലമായ മുന്നറിയിപ്പുകളും ഉണ്ടാകും.
മറ്റ് രാജ്യങ്ങളും ഈ തീരുമാനം മാതൃകയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി സീനിയർ പോളിസി അനലിസ്റ്റ് റോബ് കണ്ണിംഗ്ഹാം പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴിഞ്ഞ മാസം പുറത്തുവിട്ട ഡാറ്റയിൽ 10 ശതമാനം കനേഡിയൻമാരും സ്ഥിരമായി പുകവലിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 2035 ഓടെ നിരക്ക് പകുതിയായി കുറയ്ക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്.