ഗൺ വയലൻസിനെതിരെ വിദ്യാർത്ഥികളുടെ രാജ്യവ്യാപക പ്രതിഷേധം

By: 600084 On: Jun 12, 2022, 2:24 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിങ്ടൻ∙ സമീപകാലത്ത് അമേരിക്കയിൽ നടന്ന മാസ് ഷൂട്ടിങ്ങിനും ഗൺ വയലൻസിനുമെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. മാർച്ച് ഫോർ അവർ ലൈവ്സ് ആണു റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിനു പ്രതിഷേധക്കാർ അമേരിക്കൻ തെരുവീഥികളെ പ്രകമ്പനം കൊളളിച്ചു. ഉവാൾഡ, ടെക്സസ്, ബഫല്ല, ന്യൂയോർക്ക് ഉൾപ്പെടെ ഈയിടെ നടന്ന മാസ് ഷൂട്ടിങ്ങുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

അതിശക്തവും സുതാര്യവുമായ ഗൺ കൺട്രോൾ നിയമങ്ങൾ വേണമെന്നു ലോമേക്കേഴ്സ് ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണു വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 450 കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളെ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചത്.

വാഷിങ്ടൻ ഡിസിയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച റാലി പന്ത്രണ്ടു മണിയോടെ സമാപിച്ചു. മൊണ്ടാനയിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കോറി ബുഷ് റാലിയെ സംബോധന ചെയ്ത തനിക്കു നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങൾ വിവരിച്ചു. യുവതിയായിരിക്കുമ്പോൾ തന്റെ പാർട്നർ തനിക്കെതിരെ നിരവധി തവണയാണു നിറയൊഴിച്ചത്. ഭാഗ്യം കൊണ്ടാണു രക്ഷപെട്ടത്. അന്നു മുതൽ ഗൺ വയലൻസ് അവസാനിപ്പിക്കണമെന്നു ഞാൻ ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്നാണതു യാഥാർഥ്യമായി തീരുകയെന്ന് എനിക്ക് അറിയില്ല. – കോറി പറഞ്ഞു. റാലികൾ വളരെ സമാധാനപരമായിരുന്നു.