പണം നേടും പുതുവഴികൾ. ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് എഴുതുന്നു

By: 600008 On: Jun 12, 2022, 4:50 AM

"നാണം കെട്ടും പണം നേടുകിൽ, നാണക്കേടാ  പണം മാറ്റിടും"

എന്നാണല്ലോ ആപ്തവാക്യം. പക്ഷെ ഇത് പൊതുവേ രാഷ്ട്രീയക്കാരെ കളിയാക്കാൻ പറയുന്നതാണെങ്കിലും,  ബുദ്ധിയുള്ളവർ ഏത് വിധേനയും പണം ഉണ്ടാക്കാൻ പുതു പുതു മാർഗ്ഗങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും. എത്ര നാറ്റക്കേസായാലും വേണ്ടില്ല, പണം കുമിഞ്ഞു കൂടുമ്പോൾ പ്രതാപവും പേരും പ്രശസ്തിയും നേടിയെടുക്കും; പണം എങ്ങനെ നേടി ഈ നിലയിൽ എത്തിയതെന്ന് അറിയാവുന്നവർ പോലും മിണ്ടാൻ മടിക്കും. 

പിന്നെ മറ്റൊരു പറച്ചിലുണ്ടല്ലോ, " പാവപ്പെട്ടവന്റെ വീട്ടിലെ ദാരിദ്ര്യവും, പണക്കാരന്റെ കൊട്ടാരത്തിലെ വ്യഭിചാരവും ആരും അറിയില്ല". പണം സമ്പാദിക്കാൻ പാട് പെടുന്നതിന്റെ ലക്ഷ്യങ്ങൾ മാർഗ്ഗങ്ങളെ സാധൂകരിക്കുമോ എന്ന് മറിച്ചു ചിന്തിച്ചു പോവുകയാണ്.

വിശ്വസിക്കാൻ സ്വല്പം പ്രയാസം തോന്നിയേക്കാം. സ്ത്രീകളിൽ ബുദ്ധിമതികളായ ചിലർ ആവിഷ്കരിച്ചെടുത്തിരിക്കുന്ന നൂതന വിദ്യകൾ വനിതാസംരംഭകരെ  പ്രോത്സാഹിപ്പിക്കുന്ന താരത്തിലായതിനാൽ, അവർക്ക് മാത്രമേ നടത്താവൂ എന്ന പ്രത്യേകത കൂടിയുണ്ട്.

യുഎസിലെ കണക്റ്റിക്കട്ടിൽ നിന്നുള്ള സ്റ്റെഫ് മാറ്റോ എന്നൊരുവൾ, ഒരു പാത്രത്തിൽ തന്റെ കീഴ്ശ്വാസം   (ഫാർട്ടുകൾ) ശേഖരിച്ചു  വിറ്റ് ഇന്റർനെറ്റിൽ ജനശ്രദ്ധ  നേടിയിരുന്നു. ഇപ്പോൾ ഇതാ, അതേ സ്‌റ്റെഫ് മാറ്റൊ  ഒരു പുതിയ ബിസിനസ്സ് തരംഗം  കണ്ടെത്തി, സ്വന്തം സ്തന വിയർപ്പ് വിൽക്കുന്നു. ജാറുകളിൽ തന്റെ ഫാർട്ടുകൾ വിറ്റ് പരിഹാസ്യമായ നാറ്റത്തിന്റെ പണം  സമ്പാദിച്ചതിന് ശേഷം, ഇപ്പോൾ അവളുടെ  സ്തന വിയർപ്പ് വിറ്റ് നല്ല തുക  സമ്പാദിക്കുന്നു.,

ബീൻസും മുട്ടയും മാത്രം കഴിച്ചിരുന്ന മാറ്റോ, എങ്ങനെയോ സ്വയം പ്രഖ്യാപിത 'ഫാർട്ട്‌പ്രണർ' ആയി ഫൈബർ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുത്തു, പക്ഷേ അമിതമായ ഗ്യാസ് മൂലമുണ്ടാകുന്ന നെഞ്ചുവേദനയെ തുടർന്ന് അവളുടെ ഭക്ഷണക്രമം അവൾ മാറ്റിയതാണ്.

15 മിനിറ്റിനുള്ളിൽ തന്റെ ആരാധകർക്കായി ഒരു ജാർ സ്തന വിയർപ്പ്  എളുപ്പത്തിൽ ഒരുമിച്ച് വയ്ക്കാൻ കഴിയുമെന്ന് അവർ ഇപ്പോൾ അവകാശപ്പെടുന്നു. തന്റെ ഗാർഡൻ പൂളിൽ ഒരു ദിവസം ഏകദേശം നാല് മണിക്കൂർ വിശ്രമിക്കാറുണ്ടെന്ന് അവൾ പറയുന്നു, ഇത് ശരിയായ അളവിൽ 'വിയർപ്പ്' ഉണ്ടാക്കാൻ സഹായിക്കുന്നു. സ്റ്റെഫിന്റെ അഭിപ്രായത്തിൽ, 'സൂര്യൻ ദയയുള്ളവനാണെങ്കിൽ', ഒരു ദിവസം കൊണ്ട് പത്ത് കുപ്പി "വിയർപ്പ് പാത്രങ്ങൾ" നിറയ്ക്കാൻ കഴിയുമെന്ന് അവൾ പറയുന്നു, അത് പിന്നീട് ഓരോ ബോട്ടിലും $500/ (ഏകദേശം 39,000 രൂപ) ന്  വിൽക്കുന്നു.

"എനിക്ക് കുളത്തിനരികിൽ ഇരിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇത് കഠിനാധ്വാനമാണ്, വഞ്ചിതരാകരുത്. എനിക്കും ഒരു വലിയ ജോഡി സ്തനങ്ങൾ ഉണ്ട്. ഒപ്പം വിയർപ്പ് മണക്കുന്നതും വിയർപ്പ് നക്കുന്നതും ആരാധകരെ തങ്ങളിലേക്കെത്തുന്നത്ര അടുപ്പിക്കും. ചില ശാസ്ത്രീയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഒരു പാത്രം നിറയ്ക്കാൻ എത്ര സമയമെടുക്കും എന്നത് വ്യത്യാസപ്പെടാം, പ്രധാനമായും ചൂട്, ചലനം, ഞാൻ എത്രമാത്രം ജലാംശം ഉള്ളവളാണ് എന്നിവയെ  ആശ്രയിച്ചിരിക്കും. ഞാൻ ധാരാളം വെള്ളം കുടിച്ചിട്ട്  കഴിയുന്നത്ര നേരിട്ട് സൂര്യപ്രകാശത്തിൽ ഇരിക്കാനും ശ്രമിക്കുന്നുണ്ട്‌.

മണിക്കൂറുകളോളം സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത്, സ്വയം പരിരക്ഷിക്കാൻ താൻ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും  സ്റ്റെഫ് അവകാശപ്പെടുന്നു. ഇൻസ്റ്റാഗ്രാമും ടിക് ടോക്കും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രശസ്തനായ സ്റ്റെഫ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വിവരങ്ങളിൽ നിന്നുമാണ് ഇത്രയും രേഖപ്പെടുത്തിയത്. 

സംഗതി കൊള്ളാമല്ലേ!  "ഈ ബുദ്ധി എന്തേ  ഇൻഡ്യാക്കാരത്തിക്കു തോന്നിയില്ലേ ദാസാ" എന്ന് ചോദിച്ചു പോയേക്കാം. നമ്മുടെ സംസ്കാരം അത്രക്കും അധപതിച്ചു പോയിട്ടില്ലെന്ന്, പറയാൻ  വരട്ടെ. അതിനെ കവച്ചുവെക്കുന്ന പണി നമുക്കറിയാമെന്നു തെളിയിച്ചിരിക്കുന്നു.

ഇന്ത്യയിലെ മറ്റൊരു ബിസിനസ,  ജൂൺ 3 വെള്ളിയാഴ്ച  ദിവസം വെളിച്ചത്തു കൊണ്ടു വന്നത് കേട്ടില്ലേ.  തമിഴ്നാട്ടിലെ ഈറോഡിലെ സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കിൽ എട്ട് തവണ,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡം  ദാനം ചെയ്യാൻ നിർബന്ധിച്ചതിന് അറസ്റ്റിലായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരവും കേസ്സെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു. കുട്ടികളെ ലൈംഗികതയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും ചുമത്തി പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പറയപ്പെടുന്നു. പെൺകുട്ടിയുടെ  അടുത്ത ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, അവളുടെ അമ്മ, സ്ത്രീയുടെ പങ്കാളി, മറ്റൊരു സ്ത്രീ എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

വാർത്തകൾ അനുസരിച്ച്, പെൺകുട്ടിയുടെ അമ്മ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു, ഇരയ്ക്ക് മൂന്ന് വയസ്സുള്ള സമയം മുതൽ  ഈറോഡിലെ ഒരു ചിത്രകാരനൊപ്പം അവളുടെ പങ്കാളിയുമായി താമസിച്ചു വരികയായിരുന്നു. പെൺകുട്ടിയുടെ അമ്മ പതിവായി ഈ കൊച്ചു പെൺകുട്ടിയുടെ അണ്ഡം  വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

 ഓരോ ആർത്തവചക്രത്തിന്റെയും മധ്യത്തിൽ അണ്ഡാശയങ്ങൾ ഒരു അണ്ഡകോശം പുറത്തുവിടുന്നു. സാധാരണയായി, ഓരോ ആർത്തവസമയത്തും ഒരു അണ്ഡാശയത്തിൽ നിന്ന് ഒരു അണ്ഡാശയം മാത്രമേ പുറത്തുവരൂ. അണ്ഡകോശം  വീണ്ടെടുക്കൽ 15 മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയാണ്. മുറിവുകളില്ല, തുന്നലുകളില്ല. "ശസ്ത്രക്രിയ" എന്ന വാക്ക് ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം, എന്നാൽ  അണ്ഡകോശം വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിൽ നടത്താവുന്നതും,   അടിസ്ഥാനപരമായി വേദനയില്ലാത്തതുമാണ്. അണ്ഡകോശം വീണ്ടെടുക്കലിനുശേഷം,  റിക്കവറി ഏരിയയിൽ 30-60 മിനിറ്റ് വിശ്രമിക്കും, അവിടെ  അനസ്തേഷ്യയിൽ നിന്ന് ഉണരുന്നതുവരെ  ഒരു നഴ്സ് പെൺകുട്ടിയെ  നിരീക്ഷിക്കും.

ഇരയുടെ അനുവാദമില്ലാതെയാണ് അണ്ഡം  വിൽപന നടന്നതെന്നും അമ്മയുടെ പങ്കാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തി. ദമ്പതികൾക്ക് ഓരോ അണ്ഡത്തിനും 20,000 രൂപയും, ബ്രോക്കർ ഫീസായി 5,000 രൂപയും നൽകിവന്നതായും  റിപ്പോർട്ടുകൾ. 

പോളിമർ ന്യൂസ് അനുസരിച്ച്, ഇരയുടെ അമ്മ 12 വയസ്സിൽ പ്രായപൂർത്തിയായതിനെ തുടർന്ന് അവളിൽ നിന്നും അണ്ഡം വേർപെടുത്തി  വിൽക്കാൻ അവളെ നിർബന്ധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ, അമ്മയെ ബോധ്യപ്പെടുത്തിയതിന് ശേഷം അവൾ 8 തവണ അണ്ഡം വിറ്റതായി റിപ്പോർട്ട് ചെയ്യുകയും,  തെറ്റായ പേര് നൽകി ആധാർ കാർഡ് വ്യാജമാക്കുകയും ചെയ്തുകൊണ്ടാണ് , ഈ രഹസ്യ ബിസിനസ് തുടർന്നുകൊണ്ടിരുന്നത്. നിർഭാഗ്യവശാൽ ഒരു മാസം ഒരു അണ്ഡം മാത്രമേ ഒരു പെണ്കുട്ടിക്ക് ഉത്പാദിപ്പിക്കാൻ കഴിയൂ എന്ന പ്രകൃതിനിയമം ഇങ്ങനെയുള്ളവർക്കു സ്വല്പം ബുദ്ധിമുട്ടുണ്ട് ആയിരിക്കുമല്ലേ, കൂടാതെ 

ഇതേക്കുറിച്ച് സംസാരിച്ചാൽ അല്ലെങ്കിൽ അവരുടെ അണ്ഡ  വിൽപനയെക്കുറിച്ച് എന്തെങ്കിലും വിവരം പറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മയും അമ്മയുടെ പങ്കാളിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നിരുന്നാലും, കഴിഞ്ഞയാഴ്ച, അവൾ വീട്ടിൽ നിന്ന് ഇറങ്ങി, തനിക്ക് നേരിട്ട മാനസികാഘാതത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ജൂൺ രണ്ടിന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.

ഇതിന്റെ ചുരുൾ അഴിയുമ്പോൾ, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളും മാഫിയാകളും ലക്ഷങ്ങൾ, ഉപഭോക്താക്കളിൽ നിന്നും തട്ടിയെടുക്കുന്നുണ്ടാവാം. ഇങ്ങനെയുള്ള ചൂഷണങ്ങളുടെ പരമ്പരകൾ ലോകത്ത് നടക്കുന്നത്, എങ്ങനെയും പണം നേടാനുള്ള കുറുക്കുവഴികളിലൂടെ അത്യാഗ്രഹികളുടെ കുരുട്ടുബുദ്ധി പ്രയാണം ചെയ്യുമ്പോഴാണല്ലോ!