
കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായുള്ള താറാവുകളെ മണ്ണുത്തി വെറ്ററിനറി കോളേജ് വികസിപ്പിച്ചെടുത്തു. പാലക്കാട് തിരുവിഴാംകുന്നിലെ പക്ഷി ഗവേഷണകേന്ദ്രത്തിലാണ് ചൈത്ര എന്ന് പേരിട്ടിരിക്കുന്ന ഇനത്തെ വികസിപ്പിച്ചെടുത്തത്. കേരളത്തിന്റെ തനത് ജനുസുകളായ ചാര,ചെമ്പല്ലി എന്നിവയിൽ നിന്നുമാണ് ഇവ ജന്മമെടുത്തത്.
2012 ൽ കുട്ടനാടൻ താറാവുകളിൽ നടത്തിയ പഠനത്തിൽ ഇറച്ചി താറാവുകളെ രൂപപ്പെടുത്താനുള്ള ജനിതക ശേഷി അവയ്ക്കുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് ബയോടെക്‌നോളജി വകുപ്പിന്റെ സഹകരണത്തോടെ തിരുവിഴാംകുന്നിൽ നടത്തിയ തുടർ പഠനത്തിനൊടുവിലാണ് താറാവുകളെ വികസിപ്പിച്ചെടുത്തത്. കേരളത്തിലെ കാലാവസ്ഥയ്ക്കു യോചിച്ചതും, രോഗപ്രതിരോധ ശേഷിയേറിയതുമാണ് ഇവ. നിലവിൽ തിരുവിഴാംകുന്ന് ഫാമിലാണ് ഇവ ലഭ്യമാക്കുക.