ഒരു മണിക്കൂറിനുള്ളില്‍ കവര്‍ച്ച നടത്തിയത് 6 സ്റ്റോറുകളില്‍- പത്തൊമ്പുകാരന്‍ അറസ്റ്റില്‍

By: 600084 On: Jun 11, 2022, 5:28 PM

പി പി ചെറിയാൻ, ഡാളസ്

ഡാളസ് : രാവിലെ 9 മുതല്‍ 10വരെയുള്ള മണിക്കൂറില്‍ സമീപ പ്രദേശങ്ങളിലെ ആറു സ്റ്റോറുകള്‍ കവര്‍ച്ച ചെയ്ത് പോലീസിനെ വെട്ടിച്ചു കടന്നു കളയുവാന്‍ ശ്രമിച്ച പത്തൊമ്പതുകാരനെ ഒടുവില്‍ പോലീസ് പിടികൂടി. ഈസ്റ്റ് ഡാളസ്സില്‍ ജൂണ്‍ 9 വ്യാഴാഴ്ചയായിരുന്നു സംഭവം.

ഡാളസ്സിലെ ഏബ്രംസ്, സ്‌ക്കില്‍മാന്‍ സ്ട്രീറ്റുകളിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, മറ്റു വിവിധ ഷോപ്പുകളിലാണ് ആയുധവുമായി പത്തൊമ്പതുകാരന്‍ മിന്നല്‍ കവര്‍ച്ച നടത്തിയത്. പിങ്ക് ഹാറ്റ്, സണ്‍ഗ്ലാസ്, ഷൂസ്, പാന്റ്‌സ്, ഹുഡി എന്നിവ ധരിച്ചായിരുന്നു യുവാവ് കടകളില്‍ എത്തിയത്. കയ്യില്‍ തോക്കും ഉണ്ടായിരുന്നു. തോക്കു ചൂണ്ടിയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടത്തി പുറത്തു കടന്ന യുവാവ് കാറില്‍ കയറുമ്പോള്‍ അവിടെയുള്ള ഒരു ജീവനക്കാരന്‍ കാറിന്റെ ഫോട്ടോ എടുത്തതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായത്.

കാറിനെ പിന്തുടര്‍ന്ന പോലീസിന് മുമ്പില്‍ യുവാവ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു ചെയ്ത യുവാവിന്റെ കാറില്‍ നിന്നും ഹാന്‍ഡ് ഗണ്‍, ബാഗുകളില്‍ നിറയെ കാഷ്, മയക്കുമരുന്ന് എന്നിവ കണ്ടെത്തി. ജോഷ്വാ മോറ എന്നാണ് പ്രതിയുടെ പേരെന്നും പോലീസ് വെളിപ്പെടുത്തി. ചോദ്യം ചെയ്യുന്നതിനിടയില്‍ റസ്റ്റ് റൂമിലേക്ക് പോയ പ്രതി വസ്ത്രങ്ങളെയും അഴിച്ചുമാറ്റി ടോയ്‌ലറ്റില്‍ നിക്ഷേപിച്ചശേഷമാണ് മടങ്ങിയെത്തിയത്. യുവാവ് മയക്കുമരുന്നിനോ, മദ്യത്തിനോ അടിമയാണെന്നാണ് പോലീസിന്റെ നിഗമനം. മാരകായുധം ഉപയോഗിച്ചുള്ള കവര്‍ച്ചക്കു കേസ്സെടുത്തു ഡാളസ് കൗണ്ടി ജയിലിലടച്ചു. 100,000 ഡോളറാണ് ജാമ്യസംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.