കൊല്ലം അഞ്ചലിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി

By: 600002 On: Jun 11, 2022, 12:06 PM

കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി.12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത്. കുഞ്ഞിനെ പരിശോധനയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്  അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ അഫ്രാനെ കാണാതായത്. കുഞ്ഞിനെ മുത്തശ്ശിയെ ഏൽപ്പിച്ചു പോയ മാതാവ് തിരികെ വന്ന് നോക്കുമ്പോൾ കുഞ്ഞിനെ കാണാതെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും പോലീസും പുലർച്ചെ 12 മണി വരെ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും മഴ മൂലം തിരച്ചിൽ തുടരാനായില്ല.
 
രാവിലെ 7 മണിയോടെ റബ്ബർ ടാപ്പിങ്ങിനെത്തിയ ആളാണ് കുഞ്ഞിനെ റബ്ബർ മരത്തിന് താഴെ  കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. കുഞ്ഞ് മഴ നനഞ്ഞ ലക്ഷണവും ഇല്ലായിരുന്നു. അതിനാൽ തന്നെ കുട്ടിയെ രാവിലെ ആരെങ്കിലും ഇവിടെ കൊണ്ട് വന്ന് ഇരുത്തിയതാണോ എന്ന് സംശയമുണ്ട്.