അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി അമേരിക്ക

By: 600002 On: Jun 11, 2022, 6:21 AM

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് മുൻപായി 24 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യകതയാണ് ഗവണ്മെന്റ് നിർത്തലാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് മാറ്റം പ്രാബല്യത്തിൽ വരികയെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച അറിയിച്ചു. പാൻഡെമിക്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നത് തുടരുമെന്നും സാഹചര്യം മാറുകയാണെങ്കിൽ പരിശോധനയുടെ  ആവശ്യകത വീണ്ടും വിലയിരുത്തുമെന്നും ആരോഗ്യ ഏജൻസി അറിയിച്ചു.

യാത്രക്കിടയിൽ വൈറസ് ബാധിച്ചാൽ വിദേശത്ത് കുടുങ്ങിപ്പോകും എന്നതുകൊണ്ട് അന്താരാഷ്ട്ര യാത്രകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ , കോവിഡ് ടെസ്റ്റിംഗ് നിർത്തലാക്കാൻ എയർലൈനുകളും ടൂറിസം ഗ്രൂപ്പുകളും മാസങ്ങളായി ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു.

വിനോദസഞ്ചാരമേഖല പൂർവസ്ഥിതിയിലെത്തിക്കാൻ പൂർണ്ണമായി വാക്സിനേഷൻ എടുത്തതും ബൂസ്റ്റ് ചെയ്തതുമായ യാത്രക്കാർക്കുള്ള ടെസ്റ്റിംഗ് പലരാജ്യങ്ങളും നിർത്തലാക്കിയിട്ടുണ്ട്.

സി.ഡി.സി യുടെ തീരുമാനത്തിൽ സംതൃപ്തരാണെന്നും നിയന്ത്രണം നീക്കുന്നത് കൊണ്ട്  വൈറസ് കൂടുതൽ പടരാൻ സാധ്യതയില്ലെന്നും ചില പകർച്ചവ്യാധി വിദഗ്ധർ പറയുമ്പോൾ നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം നീക്കുന്നത്  ഗുണകരമല്ല എന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നുണ്ട്.