കാനഡയിൽ നിലവിലുള്ള മങ്കിപോക്സ് കേസുകളെല്ലാം പുരുഷന്മാരിലാണെന്ന് ചീഫ് പബ്ലിക് ഹെൽത്ത്‌ ഓഫീസർ

By: 600002 On: Jun 11, 2022, 6:16 AM

കാനഡയിലുടനീളം 112 മങ്കിപോക്സ് കേസുകളുണ്ടെന്നും രോഗം ബാധിച്ചവരെല്ലാം പുരുഷന്മാരാണെന്നും കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം പറഞ്ഞു. ക്യൂബെക്കിൽ 98, ഒന്റാരിയോയിൽ ഒമ്പത്, ആൽബെർട്ടയിൽ നാല്, ബ്രിട്ടീഷ് കൊളംബിയയിൽ ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കേസുകൾ. സംശയാസ്പദമായ മറ്റ് കേസുകൾ അന്വേഷിക്കുന്നുണ്ടെന്നും ഡോ.തെരേസ ടാം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ ഉപദേശക സമിതി, എക്സ്പോഷർ സാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ശുപാർശ ചെയ്യുന്നതായി ടാം കൂട്ടിച്ചേർത്തു. വൈറസിനെതിരെ ഒരു കൂട്ട വാക്സിനേഷൻ കാമ്പയിൻ നിലവിൽ ആവശ്യമില്ല. വൈറസ് പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികളാണ് ആവശ്യം.

രോഗിയുമായി നേരിട്ടുള്ള സമ്പർക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള സമ്പർക്കം,ലൈംഗിക ബന്ധം തുടങ്ങിയവയിൽ നിന്നാണ് രോഗം പ്രധാനമായും പടരുന്നതെന്ന് ടാം പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള പുരുഷന്മാരിലാണ് മിക്ക കേസുകളും കണ്ടുവരുന്നത്‌. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഹെൽത്ത് അതോറിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

ഓട്ടവയിൽ ഒരു മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായും വ്യക്തി ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും ഓട്ടവ പബ്ലിക് ഹെൽത്ത് വെള്ളിയാഴ്ച അറിയിച്ചു. കാനഡയിൽ ഏറ്റവും കൂടുതൽ കേസുകളുള്ള ക്യൂബെക്കിൽ രോഗബാധിതരുമായി അടുത്തിടപഴകിയ ആളുകൾക്ക് വാക്സിൻ നല്കിത്തുടങ്ങിയിട്ടുണ്ട്.

മങ്കിപോക്സ് വസൂരിയുടെ ഗണത്തിൽപെട്ടതായതുകൊണ്ട് വസൂരിക്കെതിരായ വാക്സിനുകൾ മങ്കിപോക്സിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മങ്കിപോക്സ് ഉണ്ടാകാൻ സാധ്യതയുള്ളതോ സ്ഥിരീകരിച്ചതോ ആയ കേസുകളുമായി ബന്ധമുള്ള ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക്  വാക്സിൻ ഒറ്റ ഡോസ് നൽകണമെന്ന് കനേഡിയൻ പ്രതിരോധ വാക്‌സിനേഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.