റാംസെ ഹണ്ട് സിന്‍ഡ്രോം; ആരോഗ്യസ്ഥിതി മോശമാണെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിൻ ബീബർ

By: 600002 On: Jun 11, 2022, 6:05 AM

ഈ ആഴ്ച തുടക്കത്തിൽ ടൊറന്റോയിൽ നടക്കേണ്ടിയിരുന്ന രണ്ട് സംഗീത പരിപാടികൾ റദ്ദാക്കിയത് തന്റെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണെന്ന് ജസ്റ്റിൻ ബീബർ. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം (Ramsay Hunt syndrome) ഉണ്ടെന്ന് കണ്ടെത്തിയെന്നും ഈ അവസ്ഥ മുഖത്ത് ഭാഗികമായുള്ള പക്ഷാഘാതത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ ബീബര്‍ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് താരം ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്.

റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നുവെന്ന് ബീബർ പറയുന്നു. ഈ അതിസങ്കീര്‍ണമായ രോഗാവസ്ഥ തുടർന്ന് കേള്‍വിക്കുറവിലേക്കും നയിച്ചേക്കാം.

 തന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസിലാക്കണമെന്നും ബീബര്‍ അഭ്യർത്ഥിച്ചു. മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗാവസ്ഥയെത്തുടർന്ന് ബീബറിന്റെ ടൊറന്റോയിലെയും, വാഷിംഗ്ടണിലെയും പരിപാടികൾ  റദ്ദാക്കിയിട്ടുണ്ട്.