യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിൽ ക്വാണ്ടം ഹബ് സ്ഥാപിക്കുന്നതിനായി 23 മില്യൺ ഡോളർ പ്രഖ്യാപിച്ച് ആൽബെർട്ട ഗവണ്മെന്റ്

By: 600007 On: Jun 10, 2022, 5:20 PM

ക്വാണ്ടം സിറ്റി എന്ന പേരിൽ പുതിയ ക്വാണ്ടം സയൻസ് ടെക്‌നോളജി ഹബ് സൃഷ്‌ടിക്കുന്നതിന്  യൂണിവേഴ്സിറ്റി ഓഫ് കാൽഗറിക്ക് പ്രവിശ്യാ ഗവൺമെന്റിന്റെ 23 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് പ്രീമിയർ ജേസൺ കെന്നി ഇത് സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. 

ആൽബെർട്ടയിൽ ക്വാണ്ടം ടെക്നോളജിയുടെ വികസനത്തിന് ക്വാണ്ടം സിറ്റി പ്രയോജനപ്പെടുമെന്ന് ഗവണ്മെന്റ് പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് ആൽബെർട്ടയുടെ ടെക് മേഖലയെന്നും പുതിയ സംരഭത്തോടെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയും അതിന്റെ പങ്കാളികളും ആൽബെർട്ടയെ ലോകപ്രശസ്ത സാങ്കേതിക വിദ്യയുയുടെ ഇന്നൊവേഷൻ ഹബ്ബായി മാറ്റുന്നതിൽ പ്രധാനപങ്ക് വഹിക്കാനാകുമെന്നും ഗവണ്മെന്റ് ന്യൂസ് റിലീസിൽ പറഞ്ഞു. 

ക്വാണ്ടം ഹബ്ബിലുള്ള ഗവേഷകരും വിദ്യാർത്ഥികളും എനർജി ആൻഡ് മൈനിംഗ്, ഓട്ടോണോമസ് നാവിഗേഷൻ, മെഡിക്കൽ ഇമേജിംഗ്, ഡയഗ്നോസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ  മേഖലകളിൽ ആവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക . ക്വാണ്ടം ടെക്നോളജി വാണിജ്യവത്കരിക്കാൻ താൽപ്പര്യമുള്ള കമ്പനികളെ ആൽബെർട്ടയിലേക്ക് ആകർഷിക്കാനും ഹബ് സഹായിക്കുമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനി എംഫസിസ് ഈ ആഴ്ച കാൽഗറിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ക്വാണ്ടം ടെക്നോളജി വളർത്തുന്നതിനുള്ള ഹബ് ആയി മാറുവാനും ആൽബർട്ടയുടെ സാങ്കേതിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകാനുമാണ് കമ്പനിയുടെ കാൽഗറി ലൊക്കേഷൻ  വഴി ലക്ഷ്യമിടുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി അധികൃതർ ന്യൂസ് റിലീസിൽ അറിയിച്ചിരുന്നു.