ആൽബെർട്ടയിൽ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നതായി ആരോഗ്യമന്ത്രി ജേസൺ കോപ്പിംഗ്. എന്നാൽ തണുപ്പുള്ള മാസങ്ങളിൽ ഫ്ലൂ പോലെ കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതായി ആൽബെർട്ട മിനിസ്റ്റർ മാധ്യമങ്ങളോട് വ്യാഴാഴ്ച പറഞ്ഞു.
മെയ് 31നും ജൂൺ 6 നും ഇടയിലുള്ള പി.സി.ആർ ടെസ്റ്റുകളെ അടിസ്ഥാനമാക്കി പ്രവിശ്യയിലെ ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15.1 ശതമാനമാണ്. ഇത് മുൻ ആഴ്ചയേക്കാൾ രണ്ട് ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പുതിയ വേരിയന്റിന്റെയോ അതിന്റെ ഉപ-വകഭേദത്തിന്റെയോ വരവ് മാറ്റിനിർത്തിയാൽ വേനൽക്കാലത്ത് കോവിഡ് വ്യാപന നിരക്ക് പൊതുവെ കുറവായിരിക്കും എന്ന് കോപ്പിംഗ് കൂട്ടിച്ചേർത്തു. ആൽബെർട്ടയിൽ നിലവിൽ 816 പേർ ആശുപത്രിയിലും 24 പേർ ഐ.സി.യുവിലുമായി ചികിത്സയിലുണ്ട്.
വരും കാലങ്ങളിൽ ഫ്ലൂവിന് സമാനമായി ശൈത്യകാലത്തു മാത്രം വർധന ഉണ്ടാകുന്ന ഒരു സീസണൽ രോഗമായി കോവിഡ് മാറുമെന്ന് കരുതുന്നതായും അതിനായുള്ള മുൻകരുതൽ പ്രവർത്തങ്ങൾ പ്രവിശ്യ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ആൽബെർട്ടയിൽ 4,597 പേരാണ് കോവിഡ് അല്ലെങ്കിൽ കോവിഡുമായി ബന്ധപ്പെട്ട രോഗങ്ങളാൽ മരിച്ചിട്ടുള്ളതെന്ന് ആൽബെർട്ട ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡീന ഹിൻഷോ അറിയിച്ചു. നിലവിൽ 50 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ആൽബെർട്ടയിൽ കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതെന്നും മൂന്നാം ഡോസിന് അർഹരായർ വാക്‌സിൻ എടുക്കണമെന്നും ഹിൻഷോ കൂട്ടിച്ചേർത്തു.