എഡ്‌മന്റണിനടുത്തുള്ള വീഗ്രവിൽ വാൾമാർട്ടിൽ തീവെച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ് 

By: 600007 On: Jun 10, 2022, 6:03 AM

എഡ്‌മന്റണിനടുത്തുള്ള വീഗ്രവിൽ വാൾമാർട്ടിലെ ബാർബിക്യൂ വിഭാഗത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബോധപൂർവം തീവെച്ചതിനെ തുടർന്ന് നിരവധി ജീവനക്കാർക്ക് നിസാര പരിക്കേറ്റതായും സ്റ്റോറിന്റെ സീസണൽ ഏരിയയിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.   

നൂറുകണക്കിന് ആളുകളുള്ള ഒരു പൊതുസ്ഥലത്ത് തീയിടുന്നത് ഞെട്ടിപ്പിക്കുന്നതും അപകടകരവും ലജ്ജാകരവുമാണെന്നും ഉപഭോക്താക്കളെയും ജോലിക്കാരെയും സ്റ്റോറിനെ ആശ്രയിക്കുന്ന പ്രാദേശിക സമൂഹത്തെയും ഈ സംഭവം ബാധിക്കുമെന്നും വാൾമാർട്ട് പ്രസ്താവനയിൽ അറിയിച്ചു. 

സംഭവത്തെത്തുടർന്ന് സ്റ്റോർ താൽക്കാലികമായി അടച്ചിരിക്കുകയാണ്. സ്റ്റോർ എപ്പോൾ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് വാൾമാർട്ട് വ്യക്തമാക്കിയിട്ടില്ല. സ്റ്റോർ അടച്ചിട്ടിരിക്കുന്ന സമയത്ത് എല്ലാ ഷെഡ്യൂൾ ചെയ്ത ഷിഫ്റ്റുകൾക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ടെന്നും വാൾമാർട്ട് അറിയിച്ചു. 

തീപിടുത്തമുണ്ടാക്കിയ വ്യക്തിയെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ വീഗ്രവിൽ ആർ.സി.എം.പിയെ 780-632-2155 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 1-800-222-8477 എന്ന നമ്പറിലോ വിളിക്കുവാൻ പോലീസ് അഭ്യർത്ഥിച്ചു.