photo courtesy: ABC News
യു.എസ്സിലെ പടിഞ്ഞാറൻ മേരിലാൻഡിലെ നിർമ്മാണ കമ്പനിയിൽ ഒരാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. മേരിലാൻഡിലെ സ്മിത്ത്സ്ബർഗിൽ കൊളംബിയ മെഷീൻ ഐ.എൻ.സി എന്ന കമ്പനിയിലാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായും വേറൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെടിവെപ്പിന് ശേഷം വാഹനത്തിൽ രക്ഷപെട്ട അക്രമിയെ പിന്തുടർന്ന മേരിലാൻഡ് സ്റ്റേറ്റ് പോലീസിന് നേരെ ഇയാൾ വെടിവെയ്ക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ വെടി വെച്ച് കീഴ്പ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചും വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.