ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർധനവ്; ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ

By: 600002 On: Jun 10, 2022, 3:12 AM

കോവിഡ്കേസുകളുടെ വർധനവിനെ തുടർന്ന് സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്  കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനത്തോളം കൂടി. പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗ വ്യാപനം ഏറ്റവും കൂടുതൽ. 7240 കേസുകളാണ് ദേശീയ തലത്തിൽ വ്യാഴാഴ്ച റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ 3 മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
 
 എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി വർധിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ.
 
കേരളവും മഹാരാഷ്ട്രയും കൂടാതെ ഡൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ഡൽഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന വർധിപ്പിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രസര്‍ക്കാർ ആലോചിക്കുന്നത്.
 
ഒരാഴ്ച്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.