
രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 15 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്നത്. 4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും.
നാമനിർദേശ പത്രികയിൽ സ്ഥാനാർഥിയെ 50 പേർ നിർദേശിക്കുകയും 50 പേർ പിന്തുണയ്ക്കുകയും ചെയ്യണം. 4,033 എംഎൽഎമാരും 776 എംപിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുക. എംപിമാർക്ക് പാർലമെന്റിലും എംഎൽഎമാർക്ക് നിയമസഭ മന്ദിരത്തിലും വോട്ടുചെയ്യാം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യം.